ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലേക്ക്; കെഎസ്ആർടിസി മരണത്തിലേക്ക് അടുക്കുകയാണെന്ന് വി.ഡി. സതീശൻ

0 408

കെഎസ്ആർടിസിയെ അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയായാണ് ഓർഡിനറി സർവീസുകൾ നിർത്തലാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെഎസ്ആർടിസി മരണത്തിലേക്ക് അടുക്കുകയാണ്. ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലാക്കിയപ്പോൾ നഷ്ടം 5 ഇരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

തിങ്കളാഴ്ച്ച ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

Get real time updates directly on you device, subscribe now.