ജില്ലാതല കാര്‍ഷിക ശില്‍പ്പശാല സംഘടിപ്പിച്ചു; വിപണി ഉറപ്പാക്കിയാല്‍ കാര്‍ഷിക മേഖല കുതിക്കും

0 76

കണ്ണൂർ: ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിപണി ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെടുമെന്ന് കൃഷി വിദഗ്ധ ഉഷ ശൂലപാണി. കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും അസര്‍ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കാര്‍ഷിക ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അവര്‍.
കണ്ണൂര്‍ ജില്ല ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ജൈവ വൈവിധ്യങ്ങള്‍ക്കനുസരിച്ച് വേണം കൃഷി ചെയ്യാന്‍. വളര്‍ത്തിയെടുത്താല്‍ നിരവധിപ്പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കും.

ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താനുള്ള വഴികളുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് വരുമാനമുണ്ടാകും. അതിലൂടെ കൃഷി നിലനിര്‍ത്താം. ലാഭകരമായ കൃഷിക്ക് പഠനം ആവശ്യമാണ്. മണ്ണിന്റെ പ്രത്യേകത, വിപണി സാധ്യത, ലാഭകരമായ ഉല്‍പ്പന്നം തുടങ്ങിയവ പഠനത്തിലൂടെ മനസിലാക്കി കൃഷിയില്‍ മാറ്റം വരുത്താനാകണം. ഗുണമേന്മയുള്ള വിത്തുകള്‍ പ്രദേശികമായി സൂക്ഷിക്കാന്‍ സൗകര്യമുണ്ടാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘കാര്‍ഷിക മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം, കാലാവസ്ഥ പ്രതിരോധ ശേഷിയും ഊര്‍ജകാര്യക്ഷമതയും കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാതൃക പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി കെ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍, ഇ എം സി ഊര്‍ജകാര്യക്ഷമത വിഭാഗം തലവന്‍ ജോണ്‍സണ്‍ ഡാനിയേല്‍, ഡോ.സി ജയറാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.