ഹസ്തദാനം വേണ്ട, ഓസ്തി നാവില്‍ നല്‍കില്ല, തിരുസ്വരൂപ ചുംബനം ഒഴിവാക്കണം ; പള്ളികളില്‍ നിയന്ത്രണം, സര്‍ക്കുലര്‍

0 725

 

 

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബോംബെ ആര്‍ച്ച്‌ ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.) പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് സര്‍ക്കുലര്‍ ഇറക്കിയത്. കുര്‍ബാനയ്ക്കിടെ പരസ്പരം ഹസ്തദാനം നടത്തി സമാധാനം ആശംസിക്കേണ്ട. പകരം നമസ്‌തേ പോലെ കൈകൂപ്പിയാല്‍ മതി എന്നതുള്‍പ്പെടെയാണ് നിര്‍ദേശങ്ങള്‍.

ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 12 വരെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ആര്‍ക്കെങ്കിലും അണുബാധയുണ്ടെന്ന് സൂചന കിട്ടിയാല്‍ കുടുംബ കൂട്ടായ്മകളും യോഗങ്ങളും വൈദികന്‍ നിര്‍ത്തിവെക്കണം. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് സഹകരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

ബോംബെ അതിരൂപതയിലെ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നിര്‍ദേശമാണെങ്കിലും കൂടിയാലോചനകള്‍ക്കുശേഷം ഇന്ത്യയൊട്ടാകെയുള്ള സഭകള്‍ക്ക് സമാന നിര്‍ദേശം അയയ്ക്കാനാണ് തീരുമാനം.

മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്.

ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഓസ്തി കൈയില്‍ സ്വീകരിച്ചാല്‍ മതി. (വീഞ്ഞില്‍ മുക്കി നാവിലാണ് ഓസ്തി നല്‍കാറുള്ളത്).

ദിവ്യകാരുണ്യ ശുശ്രൂഷയ്ക്ക് ഓസ്തി നല്‍കും മുമ്ബ് വൈദികന്‍ കൈകള്‍ നന്നായി കഴുകണം.

ദുഃഖവെള്ളിയാഴ്ച തിരുസ്വരൂപം ചുംബിക്കുന്നത് ഒഴിവാക്കണം. ആവശ്യമുള്ളവര്‍ക്ക് നിരയായി നിന്ന് തിരുസ്വരൂപം വണങ്ങാം.

ആനാംവെള്ളം പാത്രങ്ങളില്‍ സൂക്ഷിക്കേണ്ടതില്ല. (ചില പള്ളികളുടെ കവാടത്തില്‍ ആനാംവെള്ളം വെക്കാറുണ്ട്. ഇതില്‍ കൈമുക്കി കുരിശുവരച്ചാണ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുക).