സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റിൽ ഹിജാബും ഫുൾ സ്ലീവും വേണ്ടെന്ന് സർക്കാർ

0 1,135

തിരുവനന്തപുരം: സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് (എസ്പിസി) യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി റിസ നഹാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശ പ്രകാരം വിദ്യാർത്ഥി സർക്കാറിന് അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്.

ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസിന് സമാനമായ രീതിയിലാണ് എസ്പിസിക്ക് പരിശീലനം നൽകുന്നത്. പൊലീസിൽ മതപരമായ അടയാളങ്ങൾ ഉപയോഗിക്കുന്നതിന് അനുവാദമില്ല. അതാണ് എസ്പിസിയിലും വേണ്ടത്. എൻസിസിയിലോ സ്‌കൗട്ടിലോ ഹിജാബോ ഫുൾസ്ലീവോ ധരിക്കുന്ന സാഹചര്യമില്ല- ഉത്തരവിൽ പറയുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മതപരമായ വസ്ത്രധാരണം നിരാകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടുവിച്ചിട്ടുള്ളത്. ഉത്തരവ് ഉടൻ ഹൈക്കോടതിക്ക് കൈമാറും.

സ്റ്റുഡന്റ് കേഡറ്റ് പൊലീസ് യൂണിഫോമിനൊപ്പം ഭരണഘടന ആർട്ടിക്കിൾ 25 നൽകുന്ന അവകാശപ്രകാരം തലമറയ്ക്കുന്ന തട്ടവും (ഹിജാബ്) ഫുൾസ്ലീവ് ഡ്രസ്സും അനുവദിക്കണമെന്നും, ഇത് മുസ്ലിം സമുദായത്തിൽ നിന്നുള്ള കൂടുതൽ പെൺകുട്ടികൾക്ക് പ്രൊജക്ടിൽ ഭാഗമാകാനുള്ള അവസരമൊരുക്കുമെന്നുമാണ് പരാതിക്കാരി ബോധിപ്പിച്ചത്.

ഉത്തരവില്‍ പറയുന്നത്

കാക്കി പാന്റ്‌സ്, കാക്കി ഷർട്ട്, കറുപ്പ് ഷൂ, കാക്കി സോക്ക്‌സ്, പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയായിരിക്കണം സ്റ്റുഡന്റ് പൊലീസ് യൂണിഫോം. നിലവിൽ മതസൂചനകൾ ഇല്ലാത്തതും ലിംഗഭേദമില്ലാത്തതുമായ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് അണിഞ്ഞു പോരുന്നത്. കേഡറ്റുമാരിൽ 50 ശതമാനവും പെൺകുട്ടികളാണ്. കേഡറ്റുകളുടെ മതപരമായ വിവരങ്ങൾ സൂക്ഷിക്കുന്നില്ലെങ്കിലും 10-12 ശതമാനം മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾ ഇതിലുൾപ്പെടുന്നു എന്നാണ് അനുമാനം. ഇവരിൽ ആരും ഇതുവരെ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി തള്ളിക്കളയുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നത് സ്വേഷ്ടപ്രകാരമുള്ള സഹ കരിക്കുലർ പ്രവർത്തനമാണ്; നിർബന്ധിതമോ അനിവാര്യമോ ആയ വിദ്യാഭ്യാസ പദ്ധതിയല്ല. ഭരണഘടന 25-ാം വകുപ്പ് യുക്തമായ നിയന്ത്രണങ്ങൾ അനുവദിക്കുന്നുണ്ട്. അതുപ്രകാരം സ്റ്റേറ്റിന് നിയന്ത്രണങ്ങൾ വെക്കാം. ആർട്ടിക്കിൾ 19 (2) ഉം സ്റ്റേറ്റിന് അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരം നൽകുന്നുണ്ട്.

യൂണിഫോം പൊലീസ് സേനയുടെ ബഹുമാന്യത ഉറപ്പുവരുത്തുന്നതും, വിദ്യാർത്ഥികളിൽ ലിംഗപരവും മതപരവും ജാതീയവുമായി വേർതിരിവുകൾ ഇല്ലാതാക്കാനുദ്ദേശിച്ചുള്ളതുമാണ്. മതപരമായ കാര്യങ്ങൾ യൂണിഫോമുമായി ചേർക്കുന്നത് നിലവിലെ സാഹചര്യത്തിൽ മറ്റ് സജീവ സേനകളിലും അത്തരം ആവശ്യങ്ങൾ ഉർന്നുവരാൻ കാരണമാകും. അത് സേനകളുടെ അച്ചടക്കത്തെയും മതേതര ഉപജീവനത്തെയും ചോദ്യം ചെയ്യും.

ഇക്കാര്യങ്ങൾ പരിഗണിച്ച് പരാതിക്കാരിയുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ തീരുമാനം. സ്റ്റുഡന്റ് പൊലീസ് കേഡറ്റിൽ ഇത്തരത്തിൽ ഇളവ് നൽകിയാൽ സമാന ആവശ്യങ്ങൾ മറ്റ് സേനകളിലും ഉയർന്നുവരികയും സംസ്ഥാനത്തിന്റെ മതേതരത്വത്തെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാൽ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ മതപരമായ ചിഹ്നങ്ങൾ പ്രകടമാക്കുന്ന സൂചനകൾ നൽകുന്നത് നല്ല കാര്യമല്ല.’- റിസ നഹാന്റെ പരാതി തള്ളിക്കൊണ്ട് ജോയിന്റ് സെക്രട്ടറി അനിത ബിസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.