ഓക്സിജൻ നൽകുന്നുണ്ട്, ശബ്ദവും കേൾക്കുന്നുണ്ട്; മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

0 659

ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു. മധ്യപ്രദേശിലെ വിടിഷ ജില്ലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 60 അടി താഴ്ച്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന്  എഎൻഐ റിപ്പോർട്ട് ചെയ്തു.

60 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. വെബ് ക്യാമറകളുടെ സഹായത്താൽ കുട്ടിയെ കണ്ടെത്തി. കുട്ടിക്ക് ഓക്സിജൻ നൽകി വരുന്നുണ്ട്. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല എന്നും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സമീർ യാദവ് പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടി കുഴൽകിണറിൽ വീണ ഉടൻ തന്നെ പൊലീസും സംഘവും സ്ഥലത്തെത്തിയിരുന്നു. 49 അടി കുഴിയിൽ 34 അടി കുഴിയെടുത്ത് രക്ഷാപ്രവർത്തകർ കുട്ടിയുടെ അടുത്തേക്ക് എത്തി. കുട്ടിയെ ഉടൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എങ്കിലും കുട്ടിയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഭക്ഷണവും എത്തിച്ചുകൊടുക്കാനായിട്ടില്ല. എന്നാൽ കുഴൽ കിണറിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് കൂട്ടിച്ചേർത്തു.