പി ജെ ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ വിഭാഗവും തമ്മിലുള്ള ലയന സമ്മേളനം ഇന്ന്
കൊച്ചി: കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വൈകിട്ടാണ് ലയനസമ്മേളനം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിലെ 10 ജില്ലാ പ്രസിഡന്റുമാരും ഭൂരിഭാഗം സംസ്ഥാന പ്രസിഡന്റുമാരും തനിക്കൊപ്പമാണെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം.
വളരും തോറും പിളരും, പിളരും തോറും വളരും. കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ട അറുപതുകള്‍ മുതല്‍ സംസ്ഥാനത്ത് മുഴങ്ങിക്കേട്ട വാക്കുകളാണിത്. അതിന്റെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ നീക്കമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പിളര്‍പ്പും ജോസഫ് വിഭാഗവുമായുള്ള ലയനവും. പി ജെ ജോസഫുമായി ലയിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ജേക്കബ് വിഭാഗത്തെ രണ്ടാക്കിയത്.
ആദ്യം ലയനത്തെ പരസ്യമായി എതിര്‍ത്ത ജോണി നെല്ലൂര്‍ പി ജെ ജോസഫിനൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് വിരോധാഭാസം. എട്ടു ജില്ലാ പ്രസിഡന്റുമാര്‍ അടക്കം ഭൂരിപക്ഷം പ്രവര്‍ത്തകരും ലയനസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. ജോണി നെല്ലൂരിന് വൈസ് ചെയര്‍മാന്‍ പദവി വാഗ്ദാനമുണ്ടെങ്കിലും കൂടെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍, ആറ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ എന്നിവയാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആവശ്യം.
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലായതിനാല്‍ പദവികള്‍ സംബന്ധിച്ച് ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളും ജോണി നെല്ലൂര്‍ വിഭാഗത്തിന് നല്‍കിയേക്കും. ഇന്ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ലയനസമ്മേളനം ജോണി നെല്ലൂരിനെയും ജോസഫ് പക്ഷത്തെയും സംബന്ധിച്ച് ശക്തി പ്രകടനം കൂടിയാണ്.
ജേക്കബ്ബ് ഗ്രൂപ്പ് പിരിച്ചുവിട്ടതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതായും ജോണി നെല്ലൂര്‍ വ്യക്തമാക്കുന്നു. ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നും ജേക്കബ്ബ് ഗ്രൂപ്പ് എന്ന നിലയില്‍ യുഡിഎഫില്‍ തുടരുമെന്നുമാണ് അനൂപ് ജേക്കബ്ബിന്‍റെ പ്രതികരണം. ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.