സിപിഎം നേതാവ് പി. ജയരാജന് വധഭീഷണിയുമായി കത്ത്

0 116

 


കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് വധഭീഷണി. ഉടൻ കൊലപ്പെടുത്തുമെന്ന് കാണിച്ചുള്ള കത്ത് തപാലിൽ ആണ് അയച്ചിട്ടുള്ളത്. കണ്ണൂർ കക്കാട് അരയാൽതറയിൽ എം രവീന്ദ്രൻ എന്ന ആളുടെ പേര് വെച്ചാണ് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തിട്ടുള്ള ഒപ്പു വെച്ച കത്ത്.

ആർ എസ് എസ് പ്രവർത്തകൻ കതിരൂർ മനോജിന്റെയും, മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെയും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽസിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായ ജയരാജൻ ആണെന്ന് കത്തിൽ ആക്ഷേപിക്കുന്നു. ” പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതൻ ആയിട്ടും നിയമ നടപടികളിൽ നിന്നും നിങ്ങൾ രക്ഷപ്പെടുകയാണ്. അതുകൊണ്ട് കൊടും ക്രൂരതയ്ക്ക് ഇരയായവരുടെ ഓർമ്മയ്ക്കായി ഞാൻ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. നിങ്ങൾ താമസിയാതെ കൊല്ലപ്പെടും “, എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകെ അഞ്ചു വാചകങ്ങളാണ് കത്തിലുള്ളത്. ഫെബ്രുവരി 27 ആണ് കത്ത് എഴുതിയതായി വെച്ചിട്ടുള്ള തീയതി.