എല്ലാ വീട്ടിലും കപ്പ കൃഷി പദ്ധതിയുമായി പായം പഞ്ചായത്ത്

0 1,106

എല്ലാ വീട്ടിലും കപ്പ കൃഷി പദ്ധതിയുമായി പായം പഞ്ചായത്ത്

ഇരിട്ടി: കരനെൽ കൃഷിയിലൂടെ തരിശ് രഹിത ഗ്രാമം എന്ന ലക്ഷ്യം നേടിയ ഗ്രാമപഞ്ചായത്ത് എല്ലാ വീടുകളിലും കപ്പകൃഷി പദ്ധതിയുമായി രംഗത്ത്. ഒരു വീട്ടിൽ ഒരു ചുവട് കപ്പ എങ്കിലും എന്ന ലക്ഷ്യത്തിനായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കപ്പ കൃഷി ചെയ്യുവാനുള്ള അവസരം ഒരുക്കുകയാണ് പഞ്ചായത്ത് . കൃഷിഭവനാണ് കൃഷിക്കുള്ള വിത്ത് പഞ്ചായത്തിൻ്റെ സഹായത്തോടെ സൗജന്യമായി നൽകുക. അഞ്ച് സെൻറ് ഭൂമിയുള്ളവർ പോലും 10 ചുവടെ കപ്പയെങ്കിലും കൃഷി ചെയ്യണമെന്നാണ് പഞ്ചായത്തിൻ്റെ ആഹ്വാനം.
നേരത്തെ 300 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടത്തി സംസ്ഥാന ശ്രദ്ധ നേടിയ പഞ്ചായത്തിൻ്റെ കപ്പ കൃഷിയും ശ്രദ്ധേയമാവുകയാണ്. ഭക്ഷ്യസുരക്ഷയിൽ ഒരു പ്രധാന ഘടകം എന്ന നിലയിൽ കപ്പകൃഷിയെ തിരിച്ചുകൊണ്ടുവരാനാണ് സാർവത്രിക കപ്പ കൃഷി എന്ന ആശയവുമായി പഞ്ചായത്ത് രംഗത്തുവന്നത്. കപ്പ കൃഷി ചെയ്യുന്നതിൻ്റെ ഭാഗമായുള്ള വിത്ത് നടൽ ഉദ്ഘാടനം കോളിക്കടവ് പട്ടാരത്ത് വെച്ച് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അശോകൻ നിർവഹിച്ചു. വി. കെ. പ്രേമരാജൻ അധ്യക്ഷനായി. ബാബു കാറ്റാടി , എം. സുമേഷ്, കൃഷി അസിസ്റ്റൻറ് വിനീത് തുടങ്ങിയവർ സംബന്ധിച്ചു.