പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്ത് 14 ദിവസം അടച്ചിടും

0 909

പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്ത് 14 ദിവസം അടച്ചിടും

ഇരിട്ടി : പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്ത് കണ്ടെയ്‌ൻമെൻറ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് പഞ്ചായത്തിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം 14 ദിവസം ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സമ്പൂർണ്ണ അടച്ചിടൽ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോർ എന്നിവ ഹോം ഡെലിവറി സംവിധാനത്തിലോ അംഗീകൃത വളണ്ടിയർമാർ മുഖേനയോ മാത്രം പ്രവർത്തിക്കും. പൊതുജനങ്ങൾ ഒരു കാരണവശാലും കടകളിൽ എത്താൻ പാടില്ല.
ഈ മാനദണ്ഡങ്ങൾ പാലിച്ച് പടിയൂർ വില്ലേജിലെ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ച 2 വരെയും, കല്ല്യാട് വില്ലേജിലെ സ്ഥാപനങ്ങൾ തിങ്കൾ , വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാവുന്നതാണ്. റേഷൻ കട , മാവേലി സ്റ്റോർ, നീതി സ്റ്റോർ എന്നിവക്കും ഈ നിബന്ധന ബാധകമാണ്.
പടിയൂർ വില്ലേജിലെ ക്ഷീര കർഷകർക്ക് സുരക്ഷാ മുൻകരുതലുകൾ പാലിച്ച് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെങ്കിലും കല്ല്യാട് വില്ലേജിൽ പെട്ടവർക്ക് അനുമതിയില്ല . പരീക്ഷ, ഇന്റർവ്യൂ മുതലായവക്കുള്ള യാത്രാ പാസിന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അറിയിച്ചു.