കല്‍പ്പറ്റ: പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു. മന്ത്രിയുടെ റിപ്പബ്ലിക്ദിന സന്ദേശത്തിലും ചെറുവയല്‍ രാമന്റെ നേട്ടം പരാമര്‍ശിക്കുകയും ആശംസ നേരുകയും ചെയ്തു. രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാര നേട്ടത്തിനു പിന്നാലെയുള്ള ചെറുവയല്‍ രാമന്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കല്‍പ്പറ്റയിലേത്. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ചെറുവയല്‍ രാമന്‍ മാറി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാമനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി.
പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമാണ് വയനാടിന്റെ അഭിമാനമായ ചെറുവയല്‍ രാമന്‍. പോയകാലത്തിന്റെ നെല്‍വിത്തുകളാണ് മാനന്തവാടിയിലെ ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അന്യമായിപ്പോയ നെല്‍വിത്തുകളില്‍ 55 നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിച്യത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.