പക്ഷിപ്പനി: കോഴിക്കോട് വളര്‍ത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കുന്നു
കോഴിക്കോട്: നഗരപരിധിയില്‍ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നു. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.
2200 ഓളം വളര്‍ത്തുപക്ഷികളെയാണ് റാപ്പിഡ് റെസ്പോണ്‍സ് ടീം കൊന്ന് ദഹിപ്പിക്കുക. വേങ്ങേരിയില്‍ പക്ഷിപ്പനി ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷി വില്പന കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി പക്ഷികളെ കൊല്ലാനായി മാറ്റി. തീറ്റയും മറ്റു ഉപകരണങ്ങളുമെല്ലാം വില്പന കേന്ദ്രത്തില്‍നിന്ന് നീക്കിയിട്ടുണ്ട്. വേങ്ങേരിയിലെ വീട്ടില്‍ 20 കോഴികളും കൊടിയത്തൂരിലെ കോഴിഫാമില്‍ 2000ത്തോളം കോഴികളും കുറഞ്ഞ സമയത്തിനുള്ളില്‍ ചത്തൊടുങ്ങിയതിനെതുടര്ന്ന് മാര്‍ച്ച് മൂന്നിന് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ സാമ്ബിളുകള്‍ അയച്ചാണ് രോഗം സ്ഥിരീകരിച്ചത്. ദേശാടന പക്ഷികളിലൂടെയാണ് രോഗം പടര്‍ന്നതെന്ന് കരുതുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇൗ പ്രദേശങ്ങളില്‍ പക്ഷികളുടെ സഞ്ചാരം തടയും. കൂടാതെ പ്രദേശങ്ങളിലെ ചിക്കന്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും അലങ്കാര പക്ഷികളുടെ വില്പനയും ഹോട്ടലുകളിലെയും മറ്റ് ഭക്ഷണ വില്പന ശാലകളിലെയും പക്ഷി ഇറച്ചിയുമായി ബന്ധപ്പെട്ട എല്ലാ വിഭവങ്ങളുടെ വില്പനയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.
പകുതി വേവിച്ച മുട്ട, മാംസം എന്നിവ കഴിക്കരുതെന്നും രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചുപോകുന്നതിനാല്‍ കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകംചെയ്ത് കഴിക്കാമെന്നും അധികൃതര്‍ അറിയിച്ചു.