കൊറോണ, പക്ഷിപ്പനി ഭീതി: നാമക്കലില്‍ കെട്ടിക്കിടക്കുന്നത് 15 കോടി മുട്ടകള്‍

0 237

കൊറോണ, പക്ഷിപ്പനി ഭീതി: നാമക്കലില്‍ കെട്ടിക്കിടക്കുന്നത് 15 കോടി മുട്ടകള്‍

ചെന്നൈ: കൊറോണ വൈറസ്, പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള സ്ഥലങ്ങളിലെ മുട്ടവ്യാപാരം മുടങ്ങിയതോടെ നാമക്കലില്‍ ഫാമുകളില്‍ കെട്ടിക്കിടക്കുന്നത് 15 കോടിയോളം കോഴിമുട്ടകള്‍. മൊത്തവില മൂന്നുരൂപയില്‍ കൂടുതലായിരുന്നത് രണ്ടരരൂപയോളമായി കുറഞ്ഞിട്ടും വില്‍പ്പന പഴയനിലയിലേക്ക് എത്തിയിട്ടില്ല. ഇതേനില തുടര്‍ന്നാല്‍ ഫാമുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാകുമെന്ന് ഉടമകള്‍ പറയുന്നു.

തമിഴ്‌നാട്ടിലെ മുട്ട ഉത്പാദനകേന്ദ്രം എന്നറിയപ്പെടുന്നത് നാമക്കലാണ്. ഇവിടെയുള്ള ആയിരത്തോളം ഫാമുകളില്‍നിന്നായി പ്രതിദിനം നാലുകോടിയോളം കോഴിമുട്ടകളാണ് സംസ്ഥാനത്ത് ഉടനീളവും കേരളത്തിലേക്കും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. കേരളത്തിലേക്ക് ഒരു കോടിയോളം മുട്ടകളാണ് ദിവസം കൊണ്ടുപോകുന്നത്. രണ്ടു കോടിയോളം മുട്ടകള്‍ സംസ്ഥാനസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയിലേക്കായി വാങ്ങുന്നുണ്ട്. ഒരു കോടി മുട്ട തമിഴ്‌നാട്ടില്‍ ഉടനീളം പൊതുവിപണിയിലൂടെയും വില്‍പ്പനനടത്തിയിരുന്നു.

കൊറോണ ബാധയ്ക്കൊപ്പം കേരളത്തില്‍ പക്ഷിപ്പനികൂടി കണ്ടെത്തിയതോടെ ഇറച്ചിക്കോഴി വില്‍പ്പനയ്ക്കൊപ്പം മുട്ടവില്‍പ്പനയും ഇടിയുകയായിരുന്നു. കേരളത്തിലെ വില്‍പ്പന പകുതിയിലേറെ കുറഞ്ഞു. അതോടെ മാര്‍ച്ച്‌ 14-ന് മുട്ടവിലയില്‍നിന്ന് 33 പൈസയും തിങ്കളാഴ്ച 25 പൈസയും കുറച്ചിരുന്നു. നിലവില്‍ 2.65 പൈസയാണ് നാമക്കലില്‍ മുട്ടയുടെ മൊത്തവില. വില വീണ്ടും കുറച്ച്‌ രണ്ടുരൂപയാക്കാന്‍ ഒരുങ്ങുകയാണ് ഉത്പാദകര്‍.