പക്ഷിപ്പനി: കണ്ണൂരിലും ജാഗ്രതാ നിര്‍ദേശം; കോഴി, താറാവ് കടത്തുകള്‍ക്ക് നിരോധനം, ഫാമുകളും സ്റ്റാളുകളും അടച്ചിടണം
കണ്ണൂര്‍: കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലുമായി അധികൃതര്‍. മുക്കം നഗരസഭയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും കോഴിമുട്ട മൊത്ത വില്‍പ്പന ശാലകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൊഴി, താറാവ്, കാട, മറ്റുപക്ഷികള്‍ എന്നിവയെ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. അലങ്കാര പക്ഷി വില്‍പ്പന ശാലകള്‍ക്കും നിയന്ത്രണം ബാധകമാണെന്ന് മുക്കം നഗരസഭാ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇതിനുപുറമേ കണ്ണൂര്‍ ജില്ലയിലേക്കുള്ള കോഴിക്കടത്തിന് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. കോഴി, താറാവ്, കാട എന്നിവ ഉള്‍പ്പെടെയുള്ള പക്ഷികളെ ഇനി അറിയിപ്പുണ്ടാകുന്നതു വരെ കൊണ്ടുവരാന്‍ പാടില്ലെന്നു കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. പൊലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം ജില്ല അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തും. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.