പാലത്തായി യു പി സ്കൂളിൽ വിദ്യാർഥിനിയെ പീഢിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

0 576

പാലത്തായി യു പി സ്കൂളിൽ വിദ്യാർഥിനിയെ പീഢിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം സംഭവം നടന്നിട്ടും ആഴ്ചകൾ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത പോലീസിന്റെയും അധികാരികളുടെയും അനാസ്ഥക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ പ്രതിഷേധ സായാഹ്നമൊരുക്കി.

ഫ്രറ്റേണിറ്റി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിരവധി വീടുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ചേർന്ന് പ്രതിഷേധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി ഇരയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ശബ്ദിച്ചു.

പോലീസിന്റെയും അധികാരികളുടെയും അനാസ്ഥയും മൗനവും സംശയാസ്പദമാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസ് അനാസ്ഥയെ ഗൗരവത്തിലെടുക്കണമെന്നും സ്ഥലം എം എൽ എ യും മന്ത്രിയുമായ ശൈലജ ടീച്ചർ വിഷയത്തിൽ അടിയന്തിര ശ്രദ്ധ കൊടുത്ത് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഫ്രറ്റേണിറ്റി മണ്ഡലം നേതൃത്വം ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെൻറ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് ഹാഫിസ് അഹമ്മദ്, മണ്ഡല ഭാരവാഹികളായ ശമീർ പുതുക്കൂൽ,സുമയ്യ സക്കീർ, ശരീഫ് പാലത്തായി,സക്കീർ ഹുസൈൻ, ആദിൽ കരിയാട് എന്നിവർ സമര സായാഹ്നത്തിന് നേതൃത്വം നൽകി .