മാലോത്ത് കസബ എസ് പി സി യുടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0 195

ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റ് ബളാൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകരുമായി സഹകരിച്ചുകൊണ്ട് നടപ്പിൽ വരുത്തുന്ന ‘സ്വാന്ത്വനം 2022’ പദ്ധതിക്ക് തുടക്കമായി. വെള്ളരിക്കുണ്ട്- കൊന്നക്കാട് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം സ്കൂളിന്റെ സമീപ പ്രദേശത്തുള്ള കിടപ്പു രോഗികളെ എസ് പി സി കേഡറ്റുകൾ വീടുകളിലെത്തി സന്ദർശിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അറിവിൻെറ ആദ്യാക്ഷരങ്ങളോടോപ്പം മനുഷ്യസ്നേഹം വിളിച്ചോതുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഉള്ള അവസരമാണ് എസ്പിസി കേഡറ്റുകൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ആതുര സേവന രംഗത്ത് ആരോഗ്യ പ്രവർത്തകരോടൊപ്പം സഹകരിക്കുന്നതിനും സ്നേഹ സംഭാഷണങ്ങളിലൂടെ രോഗികൾ അനുഭവിക്കുന്ന വേദനയ്ക്കും ഏകാന്തതയ്ക്കും കുറഞ്ഞ തോതിലെങ്കിലും ഒരു പരിഹാരം കാണുന്നതിനും ഈ പരിപാടിയിലൂടെ കേഡറ്റുകൾ ലക്ഷ്യമിടുന്നുണ്ട്/

കിടപ്പു രോഗികളെ സന്ദർശിക്കുന്ന വേളയിൽ നൽകാനായി പുതപ്പും ഫലവൃക്ഷതൈകളുമായാണ് കേഡറ്റുകൾ ഈ സ്നേഹ യാത്ര നടത്തുന്നത്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മലയോരമേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി ചുക്കാൻ പിടിക്കുന്ന ഡോക്ടർ വിലാസിനി നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സനോജ് മാത്യുവിന്റെ നേതൃത്വത്തിൽ സുമനസ്സു കളുടെ സഹായത്തോടെ കിടപ്പുരോഗികൾക്കായി സമാഹരിച്ച ഉപഹാരങ്ങൾ, ഡോക്ടർ വിലാസിനിയിൽ നിന്നും എസ് പി സി കേഡറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് സനോജ് മാത്യു ,കൊന്നക്കാട് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ എച്ച്‌, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ പി ജി, ഹെഡ്മാസ്റ്റർ ജോതിബസു, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് ,സീനിയർ അസിസ്റ്റൻറ് പ്രസാദ് എം കെ ,എസ് പി സി യുടെ ചാർജ് വഹിക്കുന്ന ജോബി ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get real time updates directly on you device, subscribe now.