പാലത്തായി പീഡനക്കേസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സ്‌കൂളിലെത്തിച്ച്‌ തെളിവെടുത്തു

0 1,068

പാലത്തായി പീഡനക്കേസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സ്‌കൂളിലെത്തിച്ച്‌ തെളിവെടുത്തു

തലശ്ശേരി: ( 25.04.2020) പാനൂര്‍ പാലത്തായി പീഡനക്കേസ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. പാനൂര്‍ സിഐ ഇ വി ഫായിസ് അലിയാണ് പ്രതിയായ കുനിയില്‍ പത്മരാജനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. പീഡനം നടന്നെന്ന് ആരോപിക്കുന്ന സ്‌കൂളിലടക്കം പ്രതിയെ കൊണ്ടു പോയി തെളിവെടുത്തു. പ്രതി കുറ്റം നിഷേധിച്ചതായാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭ്യമാകുന്ന വിവരം.

ഞായറാഴ്ച രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. കേസില്‍ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് മലപ്പുറം എസ്പി കെ വി സന്തോഷ് കുമാറാണ് അന്വേഷണ സംഘത്തലവന്‍. ടി പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധ കേസില്‍ അടക്കം കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് കെ വി സന്തോഷ്. മുന്‍പ് പാനൂര്‍ സിഐയായും ചുമതല വഹിച്ചിരുന്നു. ഐജി എസ് ശ്രീജിത്തിന്റെ മേല്‍ നോട്ടത്തിലാണ് അന്വേഷണം നടക്കുക.

ഏറെ വിവാദമായ പാലത്തായി പീഡനം കുറ്റമറ്റതും, ശാസ്ത്രീയമായും അന്വേഷിച്ച്‌ കണ്ടെത്തുക എന്നതാവും ക്രൈം ബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. പ്രതി കുറ്റം നിഷേധിച്ചതിനാല്‍ ശാസ്ത്രീയ അന്വേഷണ മാര്‍ഗങ്ങള്‍ ക്രൈം ബ്രാഞ്ച് സ്വീകരിക്കുക തന്നെ ചെയ്യുമെന്നാണ് സൂചന. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.