പനമരത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണം; പനമരം പൗരസമിതി

0 815

പനമരം: പനമരം ടൗണിനോട് ചേർന്നുള്ള പ്രധാന സ്ഥലങ്ങളെ കോർത്തിണക്കി പനമരത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  

ഒട്ടേറെ ചരിത്ര പ്രധാന്യമുള്ള പനമരം വഴി ദിനംപ്രതി പതിനായിരക്കണക്കിന് യാത്രികരാണ് കടന്നുപോവുന്നത്. ഏക്കറുകൾ നീളുന്ന പച്ചപ്പാർന്ന വയലോലകളാലും നെൽ സമൃദ്ധിയാലും സഞ്ചാരികളുടെ മനം കവരുന്നയിടമാണിത്. രണ്ട് പുഴകളും വലിയ പാലവും ഇവിടുത്തെ പ്രത്യേകതകളിൽ ചിലതാണ്. അങ്ങനെ പനമരം ടൗണിനെ പോലും ടൂറിസം കേന്ദ്രമാക്കി മാറ്റാവുന്ന അനന്ത സാധ്യതകൾ ഏറെയുണ്ട്.

ഇവയ്ക്കെല്ലാം പുറമെ സഞ്ചാരികളെ മാടി വിളിക്കുന്ന ഏഷ്യയിലെ തന്നെ അപൂർവ ഇനം ദേശാടന പക്ഷികൾ എത്തുന്ന കൊറ്റില്ലം, കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ച ചരിത്രവും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞ് കിടക്കുന്ന പ്രസിദ്ധമായ കല്ലമ്പലങ്ങളായ വൈഷ്ണവഗുഡിയും ജനാർദനഗുഡിയും  ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ കുറുമ്പാലക്കോട്ടമലയും കൂടൽ കടവ് തടയണയും, മാതോത്തു പൊയിൽ, മാതംങ്കോട് തൂക്കുപാലങ്ങളും, ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ വീരമൃത്യുവരിച്ച തലക്കര ചന്തുവിന്റെ സ്മൃതിമണ്ഡപവും, കോളിമരവും മ്യൂസിയവും അങ്ങനെ പനമരത്തെ സാധ്യതകൾ നീളുകളാണ്.

പനമരം പുഴയിലെ ജലസമൃദ്ധി ഉപയോഗപ്പെടുത്തി ബോട്ടുയാത്രകൾക്ക് തുടക്കം കുറിക്കാം. ആര്യന്നൂർ നടയിൽ മിനി പാർക്കുകൾക്കും , വിപണന കേന്ദ്രങ്ങൾക്കും , വിശ്രമ കേന്ദ്രങ്ങൾക്കുമായി ഉപകാരപ്പെടുത്താനാവും. അതിർത്തി പ്രദേശങ്ങൾ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഈ സാധ്യതകളും സഞ്ചാരികളെ ഇവിടേക്ക് ആഘർഷിക്കും. ചുരുക്കത്തിൽ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള എല്ലാവിധ അർഹതയും അതിനുള്ള സൗകര്യങ്ങളും അടങ്ങിയ ഇടമാണ് പനമരം.

ജില്ലയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും പനമരം ടൗണിനെ വലംവെയ്ക്കാതെ കടന്നു പോവാറില്ല. അതിനാൽ പനമരം കേന്ദ്രീകരിച്ചുള്ള സാധ്യതകൾ കൂടി ബന്ധപ്പെട്ട അധികൃതർ തിരിച്ചറിഞ്ഞ് ഏറെപ്രാധാന്യത്തോടെ ടൂറിസം കേന്ദ്രമാക്കി മാറ്റണം. തന്മൂലം പനമരത്തിൻ്റെ മുഖച്ഛായ വളരുന്നതോടൊപ്പം വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാവുകയും ചെയ്യും.

പത്രസമ്മേളനത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, വി.ബി രാജൻ, കാദറു കുട്ടി കാര്യാട്ട്, മൂസ കൂളിവയൽ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു.