പഞ്ചായത്തുതല സമിതികൾ നിലവിൽ വന്നെങ്കിലും പുഴയിലെ അവശിഷ്ടങ്ങൾ നീക്കുന്നതിലും മണൽ ശേഖരിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു

0 567

പഞ്ചായത്തുതല സമിതികൾ നിലവിൽ വന്നെങ്കിലും പുഴയിലെ അവശിഷ്ടങ്ങൾ നീക്കുന്നതിലും മണൽ ശേഖരിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു

ഇരിട്ടി : പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ കല്ലും മരങ്ങളും മറ്റ് മാലിന്യങ്ങളും നീക്കുന്നതിനൊപ്പം പുഴയിലെ മണൽശേഖരിക്കുന്നതിനും പഞ്ചായത്തുതല സമിതികൾ നിലവിൽ വന്നെങ്കിലും അനിശ്ചിതത്വം അവസാനിക്കുന്നില്ല. എ ഡി എം ഇ.പി. മേഴ്‌സി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും സർവ്വക്ഷി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് പഞ്ചായത്ത് തല സമിതികൾ രൂപ വത്ക്കരിക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം വ്യാഴാഴ്ച്ച മലയോര മേഖലയിൽ പഞ്ചായത്ത് തല സമിതികൾ രൂപ വത്ക്കരിച്ചെങ്കിലും ജില്ലാ തല യോഗത്തിന്റെ നിർദ്ദേശങ്ങൾ ഇതുവരെ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല.
നേരത്തെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സിനെയാണ് വ്യാവസായ വകുപ്പ് പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നിയോഗിച്ചത്. ഇതിനുള്ള ചിലവിലേക്കായി മണൽ ഉൾപ്പെടെ പുഴയിൽ നിന്നും കിട്ടുന്ന എന്തും പ്രയോജനപ്പെടുത്താമെന്നും നിർദ്ദേശിച്ചിരുന്നു.അവശിഷ്ടങ്ങൾ നീക്കുന്നതിന് സ്വകാര്യ ഏജൻസിയേയാണ് സിറാമിക്‌സ് ചുമതലപ്പെടുത്തിയത്.ഇതിനെ മറയാക്കി പുഴയിൽ നിന്നും വൻതോതിൽ മണൽ കൊള്ള നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവ്യത്തി തടഞ്ഞതോടെയാണ് ജില്ലാ ഭരണകൂടം ഇടപ്പെട്ട് പ്രവ്യത്തി നിർത്തിവെപ്പിക്കുകയും ജില്ലാ തല യോഗവും ചേർന്നത്. പഞ്ചായത്ത് തല സമിതികൾക്ക് പുറമെ ജില്ലാ തലത്തിൽ നീരീക്ഷണ സമിതി ഉണ്ടാക്കാനും തീരുമാനിച്ചിരുന്നു. പഞ്ചായത്ത് തല സമിതിയിൽ പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ എഞ്ചിനീയർ, നിയമ സഭയിൽ പ്രതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ. എവിടെ നിന്നും പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നു തീരുമാനിക്കേണ്ടതും ലഭിക്കുന്ന മണൽ ഉൾപ്പെടെയുള്ളവ വിൽപ്പന നടത്തേണ്ടതും ഈ സമിതിയാണ്. ഇതിനുള്ള കൂലിയും മണലിന്റെയും മറ്റും വിലയും നിശ്ചയിക്കേണ്ടത് ജില്ലാ തല സമിതിയാണ്. വരുമാനത്തിന്റെ ഒരു ഭാഗം പഞ്ചായത്തിനും മറ്റൊരു വിഹിതം ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്കുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കെ ജില്ലാതല യോഗത്തിന്റെ നിർദ്ദേശം ഉത്തരവായി ഇറങ്ങാതിരികാതിടത്തോളം കാലം പ്രശ്‌നത്തിന് പരിഹാരമാല്ലെന്നാണ് പഞ്ചായത്തുതല സമിതിയുടെ വിലയിരുത്തൽ. കാലവർഷം ആരംഭിക്കാനിരിക്കെ പുഴയിലെ എക്കലുകൾ നീക്കുന്ന പ്രവ്യത്തി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സ്വകാര്യ ഏജൻസി ഇക്കാലയളവിൽ വാരിക്കൂട്ടിയ ആയിരത്തിലധികം ലോഡ് മണലിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ബാരാപോൾ , ബവലി പുഴയുടെ തീരങ്ങളിലെ പഞ്ചായത്തുകളായ പായം, ആറളം , ആയ്യൻകുന്ന് , മുഴക്കുന്ന് എന്നീ പഞ്ചായത്തുകളും വളപട്ടണം, കുപ്പം, പുഴയോരങ്ങളിലെ പഞ്ചായത്തുകളുമാണ് മോണിറ്ററിംങ്ങ് സമിതി രൂപ വത്ക്കരിച്ചത്.