പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബറിൽ;വാർഡ്‌‌ മാറില്ലെങ്കിലും സംവരണ സീറ്റുകൾ മാറും

0 448

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബറിൽ;വാർഡ്‌‌ മാറില്ലെങ്കിലും സംവരണ സീറ്റുകൾ മാറും

തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ്‌ പുനർവിഭജനം വേണ്ടെന്നുവച്ചെങ്കിലും സംവരണ സീറ്റുകൾ മാറും. നിലവിലുള്ള വനിതാ സംവരണ വാർഡുകൾ പൊതുവിഭാഗത്തിലും പൊതു വിഭാഗത്തിലുള്ളവ സംവരണ സീററായും മാറ്റും.എന്നാൽ, സീറ്റുകളുടെ ആകെ എണ്ണം ഒറ്റയക്കമാണെങ്കിൽ ഒരുസീറ്റുകൂടി വനിതകൾക്കായി മാറ്റിവയ്‌ക്കും.നറുക്കെടുപ്പിലൂടെയാകും ഈ സീറ്റ്‌ തീരുമാനിക്കുക.

പട്ടികജാതി–വർഗ വിഭാഗത്തിലും വനിതകൾക്ക്‌ 50 ശതമാനം സംവരണമുണ്ട്‌. എന്നാൽ, ഈ വിഭാഗത്തിൽ ഒരു സീറ്റുമാത്രമേ ഉള്ളൂവെങ്കിൽ അതിൽ വനിതാ സംവരണം ഉണ്ടാകില്ല. മറ്റിടങ്ങളിൽ വനിതാ സംവരണ സീറ്റുകളിൽനിന്നാകും എസ്‌സി–എസ്‌ടി വനിതകൾക്ക്‌ സീറ്റ്‌ നൽകുക. നിലവിലെ സംവരണസീറ്റുകൾ ഒഴിവാക്കി മറ്റ്‌ വാർഡുകളിൽനിന്ന്‌ നറുക്കെടുപ്പിലൂടെയാകും പട്ടികവിഭാഗങ്ങൾക്കുള്ള പുതിയ സംവരണ സീറ്റുകൾ നിശ്ചയിക്കുക. സംവരണ സീറ്റുകൾ തീരുമാനിക്കാനുള്ള റൊട്ടേഷൻ മാനദണ്ഡ പ്രകാരമാകും ഈ നടപടി പൂർത്തിയാക്കുകയെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു.

2015ലെ വാർഡുകൾ അടിസ്ഥാനമാക്കിയാണ്‌ ഇത്തവണ തെരഞ്ഞെടുപ്പ്‌. ജനസംഖ്യാനുപാതികമായി വാർഡ്‌ പുനർവിഭജനത്തിന്‌ തീരുമാനിച്ചെങ്കിലും ലോക്‌ഡൗണിനെത്തുടർന്ന്‌ പ്രവർത്തനം ആരംഭിക്കാനായില്ല. അഞ്ചുമാസമെങ്കിലും ഈ പ്രക്രിയ പൂർത്തിയാക്കാൻ വേണമെന്നിരിക്കേ നവംബറിനുമുമ്പ്‌ തെരഞ്ഞെടുപ്പ്‌ നടക്കാതെ വരുമെന്ന സ്ഥിതിയിലാണ്‌ തീരുമാനം ഉപേക്ഷിച്ചത്‌.

നവംബർ 12ന്‌ പുതിയ ഭരണസമിതി അധികാരമേൽക്കേണ്ടതിനാൽ ഒക്ടോബർ അവസാനം രണ്ട്‌ ഘട്ടമായി വോട്ടെടുപ്പ്‌ നടത്താനാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ലക്ഷ്യമിടുന്നത്‌. വോട്ടർപട്ടിക 17ന്‌ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുമുമ്പ്‌ രണ്ടു തവണകൂടി പേര്‌ ചേർക്കാൻ അവസരം ലഭിക്കും