പാനൂര്‍ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

0 600

പാനൂര്‍ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഐജി എസ് ശ്രീജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സ്‌കൂളില്‍ പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. കേസന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പാനൂര്‍ പീഡനക്കേസ് അന്വേഷിക്കുന്നതില്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാനൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം പരിശോധിക്കും. കുറ്റം സമ്മതിക്കാത്ത പ്രതി കുനിയില്‍ പദ്മരാജനെ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യും.

കഴിഞ്ഞ മാര്‍ച്ച് 16 നാണ് പെണ്‍കുട്ടിയുടെ കുടുംബം തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ എത്തി അധ്യാപകനെതിരെ പരാതി നല്‍കിയത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ പദ്മരാജന്‍ എന്ന അധ്യാപകന്‍ ശുചി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പിന്നീട് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമായി.

അധ്യാപകനെതിരെ സഹപാഠിയുടെ മൊഴി ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് പാനൂരിനടുത്ത് വിളക്കോട്ടൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച പാനൂര്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യവും പൊലീസ് പരിശോധിക്കും.