പാനൂര്‍ പീഡനം ; കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0 631

പാനൂര്‍ പീഡനം ; കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലില്‍ നിന്ന് കേസ് ഫയല്‍ ഇന്ന് ഏറ്റവാങ്ങും. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ നായര്‍, വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.കെ രാധാകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

അതേസമയം , കേസിലെ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിയിച്ചു . നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇരയുടെ സഹപാഠി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് പൊലീസ് പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് കൈമാറുകയായിരുന്നു .