കൊച്ചി: സി.ബി.എസ്.ഇ.യുടെ അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികളെ അംഗീകാരമുള്ള സ്കൂളുകള്‍വഴി പത്താംക്ലാസ് പരീക്ഷയെഴുതിക്കുന്നത് വമ്ബന്‍ കച്ചവടമായി വളരുന്നു. സി.ബി.എസ്.ഇ. വിലക്കിയിട്ടും ചില സ്കൂളുകള്‍ അംഗീകാരത്തിന്റെ മറവില്‍ വര്‍ഷങ്ങളായി ഈ ക്രമക്കേട് നടത്തുകയാണ്.
കുട്ടിയൊന്നിന് 20,000 മുതല്‍ 25,000 രൂപ വരെയാണ് ഇതിന് ഈ സ്കൂളുകള്‍ പ്രതിഫലമായി വാങ്ങുന്നത്. ലക്ഷങ്ങളാണ് ഒറ്റ ഇടപാടില്‍ ഈ സ്കൂളുകള്‍ക്ക് കിട്ടുന്നത്. ഇതുതടയാന്‍ ശ്രമിക്കുകയും ക്രമക്കേടുകാട്ടിയ സ്കൂളുകള്‍ക്ക് പിഴയിടുകയുംചെയ്ത സി.ബി.എസ്.ഇ. തിരുവനന്തപുരം മുന്‍ റീജണല്‍ ഓഫീസര്‍ തരുണ്‍കുമാറിനെ കള്ളപ്പരാതി കൊടുത്തും ഭീഷണിപ്പെടുത്തിയും ഇവിടെ നിന്നോടിക്കുകയാണ് ചെയ്തത്. പത്താംക്ലാസില്‍ പരീക്ഷയെഴുതാന്‍ ഒമ്ബതാംക്ലാസിലേ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ചെറിയ ചില സ്കൂളുകളില്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്നവരുടെ എണ്ണം അസാധാരണമായി കൂടിയതുകണ്ട് തരുണ്‍കുമാറിന് സംശയം തോന്നി. 2018 ജൂണ്‍ എട്ടിന് അഞ്ചലിലെ ഒരു സ്കൂളിലും 25-ന് പെരുമ്ബാവൂരിലെ കുറുപ്പംപടിയിലെ മറ്റൊരു സ്കൂളിലും അദ്ദേഹം മിന്നല്‍പരിശോധന നടത്തി. രണ്ടിടത്തും പരീക്ഷയെഴുതാനുള്ള പട്ടികയിലുള്ള അത്രയും കുട്ടികള്‍ പഠിക്കുന്നില്ലെന്ന് തെളിഞ്ഞു. രണ്ടുലക്ഷം രൂപവീതം പിഴയടയ്‌ക്കാന്‍ ഉത്തരവിട്ടു.
പലതരത്തില്‍ ക്രമക്കേടുകള്‍ നടത്തിക്കൊണ്ടിരുന്ന സ്കൂളുകാര്‍ ഒത്തുചേര്‍ന്നു. തരുണ്‍കുമാര്‍ തുടര്‍ന്നാല്‍ ക്രമക്കേട് നടക്കില്ലെന്ന് മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തിനെതിരേ പരാതികളയച്ചു. പരാതിയില്‍ കഴമ്ബില്ലെന്നു മനസ്സിലായിട്ടും സി.ബി.എസ്.ഇ. ചെയര്‍പേഴ്‌സണ്‍പോലും തരുണ്‍കുമാറിനെ ശാസിച്ചു. മലയാളിയായ അന്നത്തെ കേന്ദ്രമന്ത്രിവരെ അദ്ദേഹത്തെ പരസ്യമായി ശാസിച്ചു.
മതമേലധ്യക്ഷന്മാരും തരുണ്‍കുമാറിനെതിരേ സി.ബി.എസ്.ഇ.യെ സമിപിച്ചു. പോക്‌സോ കേസില്‍വരെപെടുത്താന്‍ ശ്രമം നടന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം സ്ഥലംമാറ്റം വാങ്ങിപ്പോവുകയായിരുന്നു. തരുണ്‍കുമാര്‍ പോയതോടെ ‘പരീക്ഷയ്‌ക്കിരുത്തല്‍’ ഒന്നുകൂടി ഉഷാറായി. അന്നുകേരളവും സി.ബി.എസ്.ഇ.യും അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ പെരുവഴിയില്‍ കരഞ്ഞുനില്‍ക്കേണ്ടി വരുമായിരുന്നില്ല.