അമ്മയുടെ ഹർജിയിൽ വാദിക്കാനെത്തിയത് അഭിഭാഷകയായ മകൾ; റിപ്പ‍ർ ജയാനന്ദന്‍റെ പരോൾ മകളുടെ ‘ഒറ്റ’ വാദത്തിൽ!

0 470

കൊച്ചി: കൊടും കുറ്റവാളി റിപ്പർ ജയാനന്ദൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു എന്ന വാർത്ത വൈകിട്ടോടെയാണ് പുറത്തുവന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്.മാർച്ച് 22 ന് തൃശ്ശൂരിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനും വിവാഹത്തലേന്ന് വീട് സന്ദർശിക്കാനുമാണ് കോടതി അനുമതി നൽകിയത്. മാനുഷിക പരിഗണന നൽകിയാണ് നടപടിയെന്നും കോടതി വിശദീകരിച്ചിരുന്നു. അഭിഭാഷകയായ  മകളുടെ വാദത്തിനൊടുവിലാണ് കോടതി റിപ്പറിന് തത്കാലം പുറത്തിറങ്ങാൻ അനുമതി നൽകിയതെന്നതാണ് മറ്റൊരു കാര്യം.

ജയാനന്ദന്‍റെ ഭാര്യ ഇന്ദിര സമർപ്പിച്ച ഹർജിയിൽ അഭിഭാഷകയായ മകൾ കീർത്തിയാണ് കോടതിയിൽ ഹാജരായത്. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിനാണ് അപേക്ഷിച്ചതെങ്കിലും സർക്കാർ എതിർത്തു. പിന്നീട് വിവാഹത്തിൽ പങ്കെടുക്കാൻ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതിനെല്ലാം ഒടുവിലാണ് മകൾ കീർത്തി മാനുഷിക പരിഗണന എന്നതിലേക്ക് വാദം ഉന്നയിച്ചത്. എന്‍റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛൻ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും കീർത്തി പറഞ്ഞു. മകളെന്ന നിലയിൽ കനിവ് നൽകണമെന്നും കീർത്തി അഭ്യർത്ഥിച്ചു. ഇത് മാനിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ റിപ്പർ ജയാനനന്ദന് കടുത്ത ഉപാധികളോടെ അനുവാദം നൽകിയത്.

ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാം. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പങ്കെടുക്കാം. വിവാഹത്തലേന്നും വീട്ടിലെത്താം. ജയാനന്ദൻ തിരിച്ച് ജയിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിനായി പ്രത്യേക സുരക്ഷ ഒരുക്കാനും കോടതി പൊലീസിനോട് നിർദേശിച്ചു. വിവാഹ ചടങ്ങിലടക്കം പൊലീസുകാർ സാധാരണ വസ്ത്രം ധരിക്കണമെന്നും അടിയന്തിര സാഹചര്യത്തിലല്ലാതെ വിവാഹ ചടങ്ങുകളിൽ ഇടപെടരുതെന്നും കോടതി നിർദേശത്തിലുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജയാനന്ദൻ ഇപ്പോൾ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്.