ഭീതി ഒഴിയാതെ പത്തനംതിട്ട; നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു
പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. തണ്ണിത്തോട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള വടശ്ശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ റാപ്പിഡ് ഫോഴ്സും കടുവക്കായി തെരച്ചില്‍ തുടരുകയാണ്. പെയിന്റിംഗ് തൊഴിലാളിയായ ജോയിയാണ് രാവിലെ വീടിനടുത്ത് കടുവയെ ആദ്യം കണ്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയിലും കടുവയെ ഈ പ്രദേശത്ത് കണ്ടിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ച്ചയായി ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടിക്കാനുള്ള ശ്രമം വിപുലപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനായി ഫോറസ്റ്റുകാര്‍ കൂട് തയാറാക്കിയിരുന്നു. കൂടാതെ എംഎല്‍എ ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹെലിക്യാം പരിശോധനയിലും കടുവയെ ഈ മേഖലയില്‍ കണ്ടു.