മാലിന്യമെടുക്കുന്ന ഹരിതകർമ്മ സേനയ്ക്ക് നിർബന്ധമായും യൂസർഫീ നൽകണമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്. ഹരിത കർമ്മ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നതിന് പണം നൽകണം. നൽകി യിട്ടില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കുടിശ്ശികയായി പിരിച്ചെടുക്കാമെന്നും മന്ത്രി പറഞ്ഞു.
‘അജൈവ മാലിന്യമാണ് ഹരിതകർമ സേന ശേഖരിക്കുന്നത്. ഇത് നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും. ഇതിനായി ഹരിതകർമ സേനയ്ക്ക് യൂസർഫീ നൽകണം. എല്ലാ മാസവും യൂസർഫീ നല്കാത്തവരുണ്ടെങ്കിൽ അത് വസ്തുനികുതിയുടെ ഭാഗമായി കുടിശ്ശികയായി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കും”; മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രി രംഗത്തെത്തിയത്.
കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേന വീടുകൾ തോറും പോയി പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഇത് കൃത്യമായി നടക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ചിലയിടങ്ങളിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ എല്ലാ മാസവും ഹരിത കർമ സേനാംഗങ്ങൾ എത്തുന്നില്ല. സൂക്ഷിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ കുഴയാറുണ്ടെന്നും പരാതിയുണ്ട്.