പായം പഞ്ചായത്തിലെ തട്ടുകടകള്‍ അടച്ചിടാന്‍ നിര്‍ദേശം

0 1,945

 

ഇരിട്ടി : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിലെ തട്ടുകടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് പരിധിയിലെ പതിനൊന്നോളം തട്ടുകടകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരാണ് നോട്ടീസ് നല്‍കിയത്. മിക്ക തട്ടുകടകളും തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാന പാതയോരം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും അതോടൊപ്പംതന്നെ കുടക് ജില്ലയിലും കൊവിഡ് -19 രോഗബാധ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിര്‍ദ്ദേശം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തട്ടുകടകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതിനിടയില്‍ നിര്‍ദ്ദേശം നല്‍കാന്‍ തട്ടുകടകളില്‍ എത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ഇരിട്ടി പാലത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍നിന്ന്‌ പഴകിയ ഭക്ഷ്യ എണ്ണ കണ്ടെത്തുകയും പിടിച്ചെടുത്ത്‌ നശിപ്പിക്കുകയുംചെയ്തു. ഇതോടൊപ്പംതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് തട്ടുകടകള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

പൊതുസ്ഥലത്ത് മലിനജലം ഒഴുക്കിവിടുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഈ രണ്ട് തട്ടുകട ഉടമകള്‍ക്കെതിരേയും നടപടിസ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.സുരേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ് ജേക്കബ്, മുഹമ്മദ് സലീം, കെ.സി.അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി.