പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാല്‍നട മേല്‍പ്പാലം ഒരുങ്ങി

0 1,149

 


പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കിഴക്കുഭാഗത്തേക്കുള്ള കാല്‍നട മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. എന്നാല്‍, കിഴക്കുഭാഗത്തെ പാര്‍ക്കിങ് സൗകര്യം ഒരുക്കാമെന്ന റെയില്‍വേ അധികൃതരുടെ പ്രഖ്യാപനം വാക്കിലൊതുങ്ങി. നിലവില്‍ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമാണ് കാല്‍നട മേല്‍പ്പാലം ഉണ്ടായിരുന്നത്. കിഴക്കുഭാഗത്തേക്കുള്ള യാത്രക്കാര്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്ന്‌ പാളം മുറിച്ചുകടന്നാണ് പോയിരുന്നത്. പലപ്പോഴും ഇവിടെ ചരക്കുതീവണ്ടികള്‍ നിര്‍ത്തിയിട്ടിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ആളുകള്‍ ഇവയ്ക്കിടയിലൂടെയായിരുന്നു പാളം മുറിച്ചുകടന്നിരുന്നത്. ഇത് സ്റ്റേഷനില്‍ അപകടങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നിലവിലെ കാല്‍നട മേല്‍പ്പാലം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം പയ്യന്നൂര്‍ നഗരസഭയാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതിന് പണം മുടക്കാന്‍ റെയില്‍വേ തയ്യാറായില്ല. നഗരസഭാ ഫണ്ട് അനുവദിച്ചാല്‍ പദ്ധതി പരിഗണിക്കാമെന്ന് റെയില്‍വേ അറിയിച്ചു. ഇതുസംബന്ധിച്ച്‌ നല്‍കിയ അപേക്ഷയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള ചാര്‍ജ് നഗരസഭ അടയ്ക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു.

തുടര്‍ന്ന് 1,73,509 രൂപ അടയ്ക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ എം.എല്‍.എ.യുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന്‌ 85 ലക്ഷം കൂടി അടയ്ക്കുകയുമായിരുന്നു. എസ്റ്റിമേറ്റ് റീവൈസ് ചെയ്തപ്പോള്‍ റെയില്‍വേ വീണ്ടും ആവശ്യപ്പെട്ട ആറുലക്ഷം നഗരസഭ അടച്ചു. തുടര്‍ന്ന് നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധറോഡിന്റേയും നിര്‍മാണം പൂര്‍ത്തിയായി.

എന്നാല്‍, അന്ന് റെയില്‍വേ വാഗ്ദാനം ചെയ്ത കിഴക്കുഭാഗത്തെ വാഹനപാര്‍ക്കിങ് സൗകര്യം യാഥാര്‍ഥ്യമായില്ല. ഇതിനായി റെയില്‍വേയുടെ കൈവശം സ്ഥലം ഉണ്ടെങ്കിലും അതിനായുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ല.

കിഴക്കുഭാഗത്തെ കവാടത്തിലൂടെയെത്തുന്ന യാത്രക്കാര്‍ വാഹനങ്ങള്‍ സ്റ്റേഷനിലേക്കുള്ള റോഡിലാണ് നിര്‍ത്തിയിടുന്നത്. ഇതിനുള്ള പരിഹാരമാണ് റെയില്‍വേയുടെ അനാസ്ഥയില്‍ ഇല്ലാതാകുന്നത്.