കേരളത്തിലെ കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് ഇരിക്കൂർ – ഇരിട്ടി സംസ്ഥാനപാതയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട് (പഴശ്ശി ഡാം) . കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്
ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചന പദ്ധതി (പഴശ്ശി ജലസേചന പദ്ധതി) എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്. ഇപ്പോൾ ഇത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല .
കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നതിന് പദ്ധതിയുടെ സംഭരണി പ്രദേശത്ത് പ്രത്യേക കിണറുകളും പമ്പിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ സഹായത്തോടെയുള്ള പട്ടുവം കുടിവെള്ളപദ്ധതി, കണ്ണൂർ ടൗണിൽ കുടിവെള്ളം എത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതിക്കുവേണ്ടി വരുന്ന അധികജലം നൽകുന്ന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ അണക്കെട്ടിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.
അപകടം
2012 ആഗസ്ത് മാസത്തിൽ ശക്തമായ മഴക്കാലത്ത് അണക്കെട്ടിന്റെ ചീപ്പുകൾ തുറക്കാൻ താമസിച്ചതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പട്ടണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കൂടാതെ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകും എന്ന ഘട്ടം വരെ എത്തുകയുണ്ടായി. പടിഞ്ഞാറ് ഭാഗത്തെ പൂന്തോട്ടങ്ങളും മറ്റു നിർമ്മിതികളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. പിന്നീടിതുവരെയും അവ പുതുക്കി പണിതിട്ടില്ല
നിർമ്മാണം
വളപട്ടണം നദിക്കു കുറുകെ മട്ടന്നൂരിനടുത്ത് കുയിലൂരാണ് ഈ അണ കെട്ടിയിരിക്കുന്നത്. പ്രകൃതി സുന്ദരമായ മലകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടിനോട് ചേർന്ന്, ഇവിടെ ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ താമസ സൗകര്യങ്ങൾ ലഭ്യമാണ്. (സർക്കാർ വക ഇൻസ്പെക്ഷൻ ബംഗ്ലാവും, കിടപ്പാടങ്ങളും വിനോദസഞ്ചാരികൾക്ക് ഉപയോഗിക്കാം).
വിനോദസഞ്ചാരത്തിനു വേണ്ടി അണക്കെട്ടിൽ ഉല്ലാസ ബോട്ട് യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ ബോട്ടുകൾ ഈ ഡാമിൽ നിന്നും പക്ഷികൾ മാത്രം താമസിക്കുന്ന ചെറിയ തുരുത്തുകൾ കടന്ന് പോകുന്നു. പുതുതായി നിർമ്മിച്ച പൂന്തോട്ടങ്ങളും ഉല്ലാസ ഉദ്യാനവും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. പഴശ്ശിയിലെ ബുദ്ധമല, പഴശ്ശിരാജയുടെ പ്രതിമ എന്നിവയാണ് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ.
പഴശ്ശിസാഗർ മിനിവൈദ്യുതപദ്ധതി
പഴശ്ശി അണക്കെട്ടിന് പടിഞ്ഞാറ് ഭാഗത്തായി അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൊണ്ട് 6 മെഗാ വാട്ട് ടർബൈൻ ഉപയോഗിച്ച് ഒരു മിനി ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. . വാർഷിക ഉൽപ്പാദനം 25.8 MU ആണ് ഉദ്ദേശിക്കുന്നത്.കണ്ണൂർ വിമാനത്താ വളം, ഇരിക്കൂർ,മട്ടന്നൂർ,തളിപ്പറമ്പ്,പേരാവൂർ നിയോജകമണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി ആണ് ഇത് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്