കണ്ണൂര്‍: രാജ്യത്ത് അപകടകരമായ രീതിയില്‍ ഫാസിസം വളരുകയാണെന്നും സമരം ചെയ്യാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുന്നതിനെതിരായ പ്രതികരണമാണ് 48 പേരുടെ മരണത്തില്‍ കലാശിച്ച കലാപമായി ഡല്‍ഹിയില്‍ മാറിയതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, സജീവ് ജോസഫ്, സജ്ജീവ് മാറോളി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഏകദിന ഉപവാസത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമ ഭേദഗതിക്കെതിരായ സമരം ഗാന്ധിയന്‍ മാര്‍ഗത്തിലാണ്. എന്നാല്‍ സമരത്തെ നേരിടുന്നതാകട്ടെ ബ്രിട്ടീഷുകാരുടെ രീതിയിലും. ഗോലി മാരോ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറിയിരിക്കുകയാണ്.
കൊല്‍ക്കത്തയിലെ അമിത് ഷായുടെ റാലിയില്‍ മുഴങ്ങിക്കേട്ടത് ഗോലി മാരോ എന്നാണ്. സ്വാതന്ത്ര്യം ചോദിക്കുന്നവനെ വെടിയുണ്ട കൊണ്ട് നേരിടണം . ഇതു തന്നെയാണ് ജാലിയന്‍ വാലാബാഗില്‍ കേണല്‍ ഡയറും പറഞ്ഞത്.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ കലാപബാധിത പ്രദേശങ്ങള്‍ ഇതേ വരെ സന്ദര്‍ശിച്ചിട്ടില്ല എന്നതും ഗൗരവതരമായ കാര്യമാണ്. പൗരത്വനിയമത്തിനെതിരായ സമരം അനാവശ്യമാണെന്ന് ചിലര്‍ പറയുന്നുണ്ട്. ഇത് യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് അമിത് ഷായുടെ കൂട്ടരും പറയുന്നത്. എന്നാല്‍ അതില്‍ വേര്‍തിരിവുകളുണ്ട്. മുസ്ലിങ്ങളല്ലാം നുഴഞ്ഞുകയറ്റക്കാര്‍, മറ്റു മതക്കാര്‍ അഭയാര്‍ത്ഥികള്‍-അതാണ് അമിത് ഷായുടേയും കൂട്ടരുടേയും നിര്‍വചനം. പാക്കിസ്ഥാനില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ വരുന്നവര്‍ക്ക് ഇവിടെ പൗരത്വം കൊടുക്കില്ല. ചില മതങ്ങളെ ഒഴിവാക്കിയുള്ള കാപട്യമാണ് തുറന്നു കാട്ടേണ്ടത്. 1923 ല്‍ സവര്‍ക്കര്‍ തുടക്കമിട്ട പദ്ധതിയാണ് അമിത് ഷാ ഇപ്പോള്‍ നടപ്പാക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്നതാണ് പൗരത്വ നിയമമെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു
നേതാക്കളായ പ്രൊഫ. ഏ.ഡി. മുസ്തഫ, വി.എ.നാരായണന്‍, വി സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.പി.സാജു, വി.വി. പുരുഷോത്തമന്‍, കെ.പ്രമോദ്, സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം പ്രദീപ് കുമാര്‍, രജനി രമാനന്ദ്, ഡോ. കെ.വി. ഫിലോമിന, അജിത്ത് മാട്ടൂല്‍, കെ.എസ് യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, രജിത്ത്നാറാത്ത്, പി.ടി.സഗുണന്‍, വസന്ത് പള്ളിയാംമൂല,സുരേഷ് ബാബു എളയാവൂര്‍, സുനിജ ബാലകൃഷ്ണന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ല്യാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷാജിത ഷജീര്‍, പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, എം.പി. അസൈനാര്‍, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ലത്തീഫ് സാഹ്ദി, കെ.സി.മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ ഉപവാസ സമരം മുസ്ലിംലീഗ് നേതാവ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു.