പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വര്‍ഷം തടവ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്.
പ്രതി നെന്മേനി കോളിയാടി കിഴക്കേക്കുന്നത്ത് വീട്ടില്‍ അലക്സാണ്ടറിനെ (35) ആണ് കല്പറ്റ പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണന് ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ 40 വര്‍ഷം തടവും പിഴയും വിധിച്ചു. പ്രധാന വകുപ്പുകളിലെ 10 വര്‍ഷം വീതം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2016-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പിഴയടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കൂടാതെ വിക്റ്റിം കോമ്ബന്‍സേഷന്‍ സ്കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നല്‍കാനും കോടതി ഉത്തരവിട്ടു.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൂക്കോട് ഭാഗത്തുനിന്നാണ് പെണ്‍കുട്ടിക്കൊപ്പം പ്രതി പിടിയിലായത്. സുല്‍ത്താന്‍ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ എം ഡി സുനിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി.