മികച്ച സേവനം ലഭിക്കുന്ന പേരാവൂർ താലൂക്ക് ആസ്പത്രിക്കെതിരെ വ്യാജ പ്രചരണവുമായി ചിലർ രംഗത്ത്

0 543

പേരാവൂർ: മികച്ച സേവനം ലഭിക്കുന്ന പേരാവൂർ താലൂക്ക് ആസ്പത്രിക്കെതിരെ വ്യാജ പ്രചരണവുമായി ചിലർ രംഗത്ത്. മലയോരത്തെ നിർധന ജനവിഭാഗങ്ങളുടെ ഏകാശ്രയമായ താലൂക്കാസ്പത്രിയിൽ ചികിത്സക്കെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരൻ്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇല്ലാത്ത പരാതിയുടെ മറപറ്റി ചിലർ വ്യാജ വാർത്തകളുമായി രംഗത്തുള്ളത്.

ജോലിക്കിടെ കൈക്ക് മുറിവേറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ അനാവശ്യ ടെസ്റ്റുകൾ നടത്തിയും ചികിത്സക്കാവശ്യമായ സാമഗ്രികൾ പുറമെ നിന്ന് വാങ്ങിപ്പിച്ചുമെന്നാണ് ആസ്പത്രിക്കെതിരെയുള്ള ആരോപണം.കൂടാതെ പരിക്കേറ്റയാൾ ട്രൈബൽ വിഭാഗത്തിൽപ്പെട്ടതായിട്ടും ആനുകൂല്യം ലഭ്യമാക്കിയില്ലെന്നുമാണ് ആരോപണം.

എന്നാൽ, ചികിത്സ തേടിയയാൾ ട്രൈബൽ വിഭാഗത്തിലാണെന്ന് ആസ്പത്രി ജീവനക്കാരെ അറിയിച്ചിരുന്നില്ല. മാത്രവുമല്ല, മുറിവ് തുന്നിച്ചേർക്കുന്നതിനാവശ്യമായ സാമഗ്രികളും ആസ്പത്രിയിൽ ആവശ്യത്തിന് ഉണ്ടായിരുന്നില്ല.സാധാരണ നിലയിൽ, ജില്ലാ ആസ്പത്രിയിലേക്ക് അയക്കേണ്ട പേഷ്യൻ്റിന് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് പരിമിതമായ ചികിത്സാ സൗകര്യങ്ങൾക്കിടയിലും പേരാവൂരിൽ തന്നെ ചികിത്സ നല്കിയത്.

ചികിത്സ കഴിഞ്ഞ് പോയ ശേഷമാണ് ആസ്പത്രിക്കെതിരെ വ്യാജ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയത്.

കെ.എസ്.ഇ.ബിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ചിലരാണ് വ്യാജവാർത്തക്ക് പിന്നിലെന്നാണ് അറിയുന്നത്.

ചികിത്സ ലഭിച്ചയാൾ പരാതിയുമായി ആരേയും സമീപിച്ചിട്ടില്ല.മാത്രവുമല്ല, കെ.എസ്.ഇ.ബി തൊണ്ടിയിൽ സെക്ഷനിലെ ആരോ തന്നെ കരുവാക്കി വ്യാജ പരാതിയുണ്ടാക്കിയതാണെന്ന് ചികിത്സക്ക് വിധേയനായ വ്യക്തിയും പറഞ്ഞു.

മുറിവേറ്റയാൾക്ക് ചികിത്സ ലഭിച്ച സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലു രോഗ വിദഗ്ദനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലും വ്യാജ പരാതി സൃഷ്ടിച്ചവർ മിനക്കെട്ടില്ല എന്നതാണ് വസ്തുത.

പേരാവൂർ ആസ്പത്രിയിലെ ഡോക്ടർമാരും ജീവനക്കാരും റിസ്ക് എടുത്താണ് കോഴിക്കോടും കണ്ണൂരും അയക്കേണ്ട രോഗികൾക്ക് പേരാവൂരിൽ തന്നെ വിദഗ്ധ ചികിത്സ നല്കുന്നത്.

ആത്മാർത്ഥയോടെ ആതുരസേവനം നടത്തുന്നവരെ മാനസികമായി തളർത്തുന്ന തരത്തിലുള്ള വ്യാജ പ്രചരണം നിർധന രോഗികൾക്കാണ് പ്രതികൂലമാവുക.

കോവിഡ് പശ്ചാത്തലത്തിൽ സിസേറിയനടക്കമുള്ള ചികിത്സകൾ ചെയ്ത് മികച്ച പ്രവർത്തനം നടത്തുന്ന പേരാവൂർ താലൂക്ക് ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കേണ്ടതിനു പകരം അപമാനിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയവരെ പൊതുജനം തിരിച്ചറിയേണ്ടതുണ്ട്.