ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌ 31-നകം വീടുകളിലെത്തും; കടകംപള്ളി സുരേന്ദ്രന്‍

0 340

ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌ 31-നകം വീടുകളിലെത്തും; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌ 31-നകം വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി സഹകരണസംഘങ്ങള്‍ ക്ഷേമപെന്‍ഷന്‍ വിതരണം നടത്തും. ഇത് ഉള്‍പ്പെടെ സഹകരണ ബാങ്കുകളും മറ്റു സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച്‌ സഹകരണവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡ് നീതിസ്റ്റോറുകള്‍വഴി വീടുകളിലെത്തിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ചമുതല്‍ ഇതു തുടങ്ങും. നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശം നല്‍കി.

സഹകരണ ബാങ്കുകളിലെ വായ്പക്കാര്‍ക്ക് ബാങ്കേഴ്‌സ് സമിതി നിര്‍ദേശിക്കുന്നപ്രകാരം വായ്പാ തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. എന്നാല്‍, മനപ്പൂര്‍വം കാലങ്ങളായി വന്‍ കുടിശ്ശിക വരുത്തിയവരുടെ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.

പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജീവനക്കാരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കു ഹാജരാകുന്ന വിധത്തില്‍ ക്രമീകരിക്കണം. ദിവസനിക്ഷേപ പിരിവ് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.