തിരുവനന്തപുരം: പെന്‍ഷന്‍ വിതരണമടക്കം സര്‍ക്കാരിന്റെ ക്ഷേമപദ്ധതി നിര്‍വഹണം ഏറ്റെടുത്ത സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് കോടികളുടെ നികുതിബാധ്യത. കെ.എസ്.ആര്‍.ടി.സി.-ക്ഷേമപെന്‍ഷനുകളുടെ വിതരണം, നെല്ല് സംഭരണ പണം നല്‍കിയത് എന്നിവ കൊണ്ടുമാത്രം 90.4 കോടിരൂപ സഹകരണ സംഘങ്ങള്‍ നികുതി നല്‍കേണ്ടിവരും. നികുതിബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. ഒരുകോടിയിലധികം പണമായി പിന്‍വലിക്കുമ്ബോള്‍ രണ്ടുശതമാനം നികുതി നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതില്‍ ബാങ്കുകള്‍ക്ക് ഇളവുണ്ടെങ്കിലും സഹകരണ സംഘങ്ങള്‍ക്ക് ഇളവില്ല. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (പ്രാഥമിക സഹകരണ ബാങ്കുകള്‍) വഴിയാണ് ക്ഷേമപെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എന്നിവ നല്‍കുന്നത്. പെന്‍ഷന്‍തുക ഭൂരിഭാഗവും പണമായാണ് നല്‍കുന്നത്. അതിനായി പിന്‍വലിക്കുന്ന പണത്തിനും രണ്ടുശതമാനം നികുതി നല്‍കണം.
വര്‍ഷം 3000 കോടി രൂപയാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍വഴി നല്‍കുന്ന ക്ഷേമപെന്‍ഷന്‍. മാസം 60 കോടി രൂപ വീതം കെ.എസ്.ആര്‍.ടി.സി. പെന്‍ഷനും നല്‍കണം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന്റെ തുകയും സഹകരണ ബാങ്കുകളാണ് നല്‍കുന്നത്. ഒരു സീസണില്‍ 800 കോടിയോളം രൂപയാണ് ഇങ്ങനെ നല്‍കുന്നത്. 4520 കോടിരൂപയിലധികം ഈ ഇനങ്ങളില്‍ മാത്രം പ്രാഥമിക സഹകരണ ബാങ്കുകള്‍ പണമായി പിന്‍വലിക്കണം. ഇതിന് 90.4 കോടിരൂപയാണ് നികുതി.
ക്ഷേമപെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ കമ്ബനി രൂപവ്തകരിച്ചിട്ടുണ്ട്. കമ്ബനിക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള പണം വായ്പയായി നല്‍കുന്നത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്. പെന്‍ഷന്‍ തുക വീട്ടിലെത്തിച്ച് നല്‍കുന്നതും സഹകരണ ബാങ്കുകളാണ്. സര്‍ക്കാരിനൊപ്പംനിന്ന് ക്ഷേമപ്രവര്‍ത്തനം ഏറ്റെടുത്തതിന്റെ പേരിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇത്രയും നികുതിബാധ്യത വരുന്നത്.
സഹകരണ സംഘങ്ങളില്‍ ഓരോ ദിവസത്തെ ഇടപാടിനും പണം പിന്‍വലിക്കേണ്ടി വരുന്നുണ്ട്. നഗരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ശാഖയില്‍ ശരാശരി 25 ലക്ഷംരൂപയുടെ പണമിടപാട് നടക്കുന്നതായാണ് കണക്കാക്കുന്നത്. 40 ശാഖകള്‍ വരെയുള്ള സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. ഇവയ്‌ക്കെല്ലാം വര്‍ഷം കോടികളാണ് പണമായി പിന്‍വലിക്കേണ്ടി വരുന്നത്. അതിനെല്ലാം രണ്ടുശതമാനം നികുതി നല്‍കേണ്ടിവരും.
ഇതിനുപുറമെയാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നിര്‍വഹിക്കുന്നതിലൂടെയുള്ള നികുതിബാധ്യതയും. പെന്‍ഷന്‍ നല്‍കാനുള്ള പണത്തിന്റെ നികുതി പെന്‍ഷന്‍ കമ്ബനി വഹിക്കണമെന്നാണ് സഹകാരികളുടെ ആവശ്യം. ഇക്കാര്യം കണ്‍സോര്‍ഷ്യം മാനേജരെ അറിയിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരില്‍നിന്നാണ് തീരുമാനമുണ്ടാകേണ്ടതെന്നാണ് കണ്‍സോര്‍ഷ്യം മാനേജരുടെ മറുപടി.