പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനപിന്തുണ അനിവാര്യം: മുഖ്യമന്ത്രി

0 159

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനപിന്തുണ അനിവാര്യം: മുഖ്യമന്ത്രി

ജലസേചന-ജലവിഭവ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ജലജീവന്‍ മിഷന്‍ സംസ്ഥാനതല പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
49.65 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് ജലജീവന്‍ മിഷനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്.  സംസ്ഥാനത്ത് ഗ്രാമീണതലത്തില്‍ 67.15 ലക്ഷം വീടുകളാണ് ഉള്ളത്. ഇതില്‍ 40 ശതമാനം കുടുംബങ്ങളും കുടിവെള്ളത്തിനായി കിണറിനെയും  26 ശതമാനം കുടുംബങ്ങളും പൈപ്പ് വഴിയുള്ള കുടിവെള്ളത്തെയുമാണ് ആശ്രയിക്കുന്നത്.  ഗ്രാമീണ മേഖലയില്‍ 1.54 ലക്ഷം പൊതുടാപ്പുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.  എന്നാല്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന ഒട്ടേറെ കുടുംബങ്ങള്‍ നമ്മുടെ നാടിന്റെ പലഭാഗത്തുമുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും പൈപ്പ് കണക്ഷനിലൂടെ വര്‍ഷം മുഴുവനും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 21.42 ലക്ഷം ഗാര്‍ഹിക പൈപ്പ് കണക്ഷനുകളാണ്  നല്‍കുക. ജലജീവന്‍ മിഷന്റെ ഭാഗമായി 716 പഞ്ചായത്തുകളിലായി 4343 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.  564 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.  നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ധിപ്പിച്ചും, ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും, ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 586 വില്ലേജുകള്‍, 380 പഞ്ചായത്തുകള്‍, 23 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കുവാനാണ് അവര്‍ക്ക് മുന്‍തൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  പൊതു ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏതു സമയത്തും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കുന്ന വിധത്തില്‍ സുതാര്യവും സമയബന്ധിതവുമായാണ് പദ്ധതി നടപ്പിലാക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള വാട്ടര്‍ അതോറിറ്റിയും ജലനിധിയുമാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത്.  പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ സമിതികള്‍ രൂപീകരിച്ച് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്. ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് പുറമെ 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമായി വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, കേരള വാട്ടര്‍ അതോറിറ്റി എംഡിയും ജലജീവന്‍ മിഷന്‍ ഡയറക്ടറുമായ എസ് വെങ്കിടേശപതി എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ധര്‍മ്മടം മണ്ഡലത്തില്‍ മുഴപ്പിലങ്ങാട് തെക്കുന്നുമ്പ്രം സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ പങ്കെടുത്തു.
കണ്ണൂര്‍ മണ്ഡലത്തിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലും മട്ടന്നൂര്‍ മണ്ഡലത്തിലെ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലും  നടന്ന പരിപാടി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൂത്തുപറമ്പ്  മണ്ഡലത്തിലെ കോട്ടയം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും ഉദ്ഘാടനം ചെയ്തു.  മുണ്ടേരിയില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനനും കീഴല്ലൂരില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മയും കൂത്തുപറമ്പില്‍ കോട്ടയം മലബാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷബ്നയും അധ്യക്ഷയായി.
വിവിധ മണ്ഡലങ്ങളില്‍ നടന്ന പരിപാടികളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം സി മോഹനന്‍(എടക്കാട്), എന്‍ ടി റോസമ്മ(ഇരിട്ടി) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം പി ഹാബിസ്(മുഴപ്പിലങ്ങാട് ), എ പങ്കജാക്ഷന്‍( മുണ്ടേരി), എം രാജന്‍(കീഴല്ലൂര്‍), ടി ഷബ്‌ന (കോട്ടയം  ) മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പ്രകാശന്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി ഗോപാലന്‍,  മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.