പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സി.ബി.ഐ

208

 

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സി.ബി.ഐ. ഹൈകോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച്‌ പറയുന്നത്.

പെരിയ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‍റെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്.

കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന സൂചനയാണ് സി.ബി.ഐ നല്‍കുന്നത്. കേസ് ഡയറികളും മറ്റ് രേഖകളും കൈമാറിയിട്ടില്ല. കോടതിയില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് -സി.ബി.െഎ അറിയിച്ചു.

ക്രൈം ബ്രാഞ്ചാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ പ്രതികളായ സി.പി.എം നേതാക്കളെ കുറ്റമുക്തരാക്കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.