പേരാവൂരിൽ കർശന നിയന്ത്രണമെന്ന് സേഫ്റ്റി കമ്മിറ്റി

0 1,104

പേരാവൂരിൽ കർശന നിയന്ത്രണമെന്ന് സേഫ്റ്റി കമ്മിറ്റി

പേരാവൂർ: കണിച്ചാർ പഞ്ചായത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണം കർശനമാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനം.

ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുന്ന തദ്ദേശഭരണ പ്രദേശങ്ങളിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ പേരാവൂർ പഞ്ചായത്തിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല.ആരെങ്കിലും അങ്ങിനെ പ്രവേശിക്കാൻ ശ്രമിച്ചാൽ പിടികൂടി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.അതേസമയം, പേരാവൂരിലെ ആസ്പത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ടാവും.

ജില്ലാ അധികൃതരിൽ നിന്ന് മറ്റൊരറിയിപ്പ് ഉണ്ടാകും വരെ പേരാവൂർ ടൗണിലെ വ്യാപാരം നിലവിലെ സ്ഥിതിയിൽ തുടരും.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ,പഴം-പച്ചക്കറി കടകൾ,ബേക്കറികൾ,ചിക്കൻ-ബീഫ് സ്റ്റാൾ എന്നിവ നിലവിലെ രീതിയിൽ തുറന്ന് പ്രവർത്തിക്കും.

പേരാവൂരിലേക്കുള്ള പോക്കറ്റ് റോഡുകൾ അടക്കും.അത്യാവശ്യങ്ങൾക്കും ആമ്പുലൻസ് സേവനത്തിനും മാത്രമേ ഇത്തരം റോഡുകൾ തുറന്നു നല്കൂ.നിടുമ്പൊയിൽ-മാനന്തവാടി റോഡിലെ റവന്യൂ ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി,വൈസ്.പ്രസിഡന്റ് വി.ബാബു,സെക്രട്ടറി പ്രീത ചെറുവളത്ത്,സർക്കിൾ ഇൻസ്‌പെക്ടർ പി.ബി.സജീവ്,ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ,ഹെല്ത്ത് ഇൻസ്‌പെക്ടർ പ്രദീപ്,വില്ലേജ് ഓഫീസർ അഭിനേഷ് എന്നിവർ സംബന്ധിച്ചു.