തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കില്‍ നിന്നും പെട്രോളും ഹെല്‍മെറ്റും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് കരുതുന്നു.
രണ്ട് ഹെല്‍മെറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്നാണ് മോഷണം നടന്നത്.
പത്ത് പോലീസുകാരാണ് കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവരെക്കൂടി ഇവിടേക്ക് നിയോഗിച്ചിരുന്നു. രാത്രി രണ്ടരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
രാത്രി ഒന്നരയോടെ വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മാറ്റുന്നത് കണ്ട ചില വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസ് എത്തിയപ്പോഴേക്കും രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരെ കണ്ടെത്താനായി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.