മാലിന്യം ചീഞ്ഞുനാറുന്നു : പേര്യ ചുരം വഴിയാണ് യാത്രയെങ്കില്‍മൂക്കുപൊത്തിക്കോ

0 91

മാലിന്യം ചീഞ്ഞുനാറുന്നു : പേര്യ ചുരം വഴിയാണ് യാത്രയെങ്കില്‍മൂക്കുപൊത്തിക്കോ

പേര്യ : വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ ചുരത്തില്‍ മാലിന്യം നിറയുന്നു. മാലിന്യം ചീഞ്ഞ് നാറുന്നതിനാല്‍ ഇതുവഴി പോകുമ്ബോള്‍ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ട സ്ഥിതിയാണിപ്പോള്‍. പേര്യ 34 മുതല്‍ ചന്ദനത്തോട് വരെയുള്ള ഭാഗത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ചാക്ക് കണക്കിന് കോഴിമാലിന്യമാണ് പലരും രാത്രിയുടെ മറവില്‍ പേര്യ ചുരത്തില്‍ തള്ളുന്നത്. വന്യജീവികളും, പട്ടികളും ചാക്കില്‍നിന്ന് ഇവ കടിച്ചുവലിച്ച്‌ പുറത്തേക്ക് ഇടുന്നതിനാല്‍ വല്ലാതെ ദുര്‍ഗന്ധം വമിക്കുകയാണ്.

ചപ്പുചവറുകള്‍ക്ക് പകരം പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ മാത്രമാണ് റോഡിനിരുഭാഗത്തും ഇവിടെ കാണാനാവുക. രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. അരുവിയിലും മാലിന്യം നിറഞ്ഞിട്ടുണ്ട്. കബനി നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണ് ഇവിടെ. മാലിന്യം കലര്‍ന്ന വെള്ളമാണ് വന്യമൃഗങ്ങള്‍ കുടിക്കുന്നത്.

മഴക്കാലത്താണ് ജൈവമാലിന്യം കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. വനപ്രദേശത്ത് മാലിന്യം തള്ളരുതെന്ന് വനം വകുപ്പ് ഇവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പുല്ലുവില നല്‍കിയാണ് യാതൊരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത്. പേര്യ വനസംരക്ഷണസമിതി, നാട്ടൊരുമ ഗ്രീന്‍ ഫിനിക്സ്, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞവര്‍ഷം ലോഡ് കണക്കിന് മാലിന്യമാണ് വനംവകുപ്പ് അധികൃതര്‍ ഈ പ്രദേശത്തുനിന്ന് നീക്കിയത്. എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലായി. രാത്രി ഈ വഴിക്ക്‌ വാഹനങ്ങള്‍ പൊതുവെ കുറവാണ് ഓടുന്നത്. വീതി കുറഞ്ഞ റോഡും കൊടുംവളവുകളും തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളും എല്ലാം മാലിന്യം തള്ളുന്നവര്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്. കണ്ണൂര്‍ ജില്ലയില്‍നിന്നാണ് കൂടുതലും കോഴി മാലിന്യം ഇവിടെയെത്തിച്ച്‌ തള്ളുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രദേശത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെയെങ്കിലും മാലിന്യം തള്ളുന്നത് നിര്‍ത്താനാവുമെന്ന് ഇവര്‍ പറയുന്നു.