പെട്രോൾ, ഡീസൽ വില;മൂന്നു രൂപ വരെ കൂട്ടാൻ സാധ്യത

0 442

പെട്രോൾ, ഡീസൽ വില;മൂന്നു രൂപ വരെ കൂട്ടാൻ സാധ്യത

രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിൽ മൂന്നു രൂപയുടെകൂടി വർധന വരാൻ സാധ്യത. മാർക്കറ്റിങ് മാർജിൻ സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഒരാഴ്ചമുതൽ പത്തു ദിവസംവരെ ദിവസവും വില വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. ജൂൺ ഒന്നിന് കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവർധനയിലൂടെ ഇത് ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കമ്പനികളുടെ വാദം.
മേയ്-ഏപ്രിൽ മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് 14 മുതൽ 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മാർച്ച് 14-നും മേയ് ആറിനുമായി എക്സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തിൽ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചതോടെ ഇതിൻറെ നേട്ടം കമ്പനികൾക്കു ലഭിച്ചിരുന്നില്ല. ഏപ്രിലിലേതിനെക്കാൾ അസംസ്കൃത എണ്ണവില 20 ഡോളറിലധികം ഉയർന്നതോടെ കമ്പനി കളുടെ മാർക്കറ്റിങ് മാർജിൻ താഴേക്കു പോകുകയും ചെയ്തിരുന്നു.
മാർച്ച് 16-നാണ് കോവിഡിനെ തുടർന്ന് കമ്പനി കൾ ദൈനംദിന വിലനിർണയരീതി നിർത്തിവെച്ചത്. ലോക്ഡൗണിൽ ഇളവു പ്രഖ്യാപിച്ചതോടെ ജൂൺ ഏഴുമുതൽ ഇതു പുനഃസ്ഥാപിച്ചു. അഞ്ചു ദിവസത്തിനിടെ പെട്രോൾ വിലയിൽ ലിറ്ററിന് 2.74 രൂപയും ഡീസലിന് 2.83 രൂപയുമാണ് കൂട്ടിയത്. കമ്പനി കളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വർധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചില്ലറവിലയിൽ ഇവിടെ വീണ്ടും വർധന പ്രതീക്ഷിക്കാം.
15 ദിവസത്തെ അസംസ്കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ നിർണയിക്കുന്നത്. ജൂൺ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവിൽപ്പനവില കൂട്ടിയില്ലെങ്കിൽ നഷ്ടമായിരിക്കുമെന്നാണ് എണ്ണകമ്പനി കൾ പറയുന്നത്. ഇതിൻറെ പേരിലാണ് ഇപ്പോൾ തുടർച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നർഥം. ലോക്ഡൗൺ കാലത്ത് ചില സംസ്ഥാനങ്ങൾ വരുമാനം ഉയർത്തുന്നതിൻറെ ഭാഗമായി പെട്രോളിൻറെയും ഡീസലിൻറെയും മൂല്യവർധിത നികുതി വർധിപ്പിച്ചിരുന്നു.