ഇന്ധന വില്‍പന സമയം കുറയ്‌ക്കണമെന്ന്‌ പമ്ബുടമകള്‍

0 440

ഇന്ധന വില്‍പന സമയം കുറയ്‌ക്കണമെന്ന്‌ പമ്ബുടമകള്‍

കൊച്ചി : സംസ്‌ഥാനം അടച്ചുപൂട്ടലിലേക്കു നീങ്ങുന്നതിന്റെ ആദ്യദിനമായിരുന്ന ഇന്നലെ പെട്രോള്‍/ഡീസല്‍ പമ്ബുകളിലെ വില്‍പ്പന മുമ്ബുണ്ടായിരുന്നതിന്റെ 10 ശതമാനം മാത്രം. വില്‍പ്പന കുറഞ്ഞ നിലയ്‌ക്ക്‌ വിതരണസമയം കുറയ്‌ക്കാന്‍ അനുവദിക്കണമെന്ന്‌ പമ്ബുടമകളുടെ സംഘടന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇന്ധനവിതരണത്തിന്‌ പെട്രോളിയം കമ്ബനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഓരോ ദിവസവും എത്ര ലോഡ്‌ വേണമെന്നു പമ്ബുടമകള്‍ തലേന്ന്‌ അറിയിക്കണം. അതനുസരിച്ച്‌ ടാങ്കര്‍ ലോറികള്‍ മാത്രമേ റിഫൈനറിയിലേക്ക്‌ കയറ്റിവിടൂ. കൂടുതല്‍ ലോറികള്‍ ഉള്ളില്‍ കടന്ന്‌ തിരക്ക്‌ ഉണ്ടാക്കാതിരിക്കാനാണു നിയന്ത്രണം.

ബസുകളും ലോറികളും ഓട്ടോ-ടാക്‌സികളും നിരത്തിലിറങ്ങാതിരുന്നതോടെയാണ്‌ ഇന്ധനവില്‍പ്പന കുറഞ്ഞത്‌. ആംബുലന്‍സുകളും വളരെക്കുറച്ച്‌ സ്വകാര്യ വാഹനങ്ങളും മാത്രമേ ഇന്ധനം വാങ്ങുന്നുള്ളൂ എന്ന്‌ കേരള സ്‌റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തന സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ആറുവരെയാക്കണമെന്നാണ്‌ ആവശ്യം. എട്ടു ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്‌. കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്‌ഥാനത്തില്‍ വിതരണം ചെയ്‌തിരുന്ന ബി.എസ്‌-6 ഇന്ധനം പൂര്‍ണതോതില്‍ ലഭ്യമാക്കിത്തുടങ്ങിയെന്ന്‌ എണ്ണക്കമ്ബനികള്‍ അറിയിച്ചു. ലിറ്ററിന്‌ മൂന്നു രൂപയോളം വില കൂട്ടേണ്ടതാണെങ്കിലും ക്രൂഡ്‌ ഓയില്‍ വില കുറഞ്ഞതിനാല്‍ വിലവര്‍ധന ഒഴിവായി.