ഉദ്ഘാടനത്തിനൊരുങ്ങി പിണറായി കണ്വന്ഷന് സെന്റര്‍
കണ്ണൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിണറായി കണ്വന്ഷന് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. സെന്ററിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. മാര്‍ച്ചില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. 11.65 കോടി രൂപ ചെലവിലാണു നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കൂടാതെ സെന്ററിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കല്‍, വിപുലമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബജറ്റില്‍ അനുവദിച്ചിട്ടുമുണ്ട്. പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്താണ് ഇരുനിലകളുള്ള കണ്വന്ഷന് സെന്റര്‍ ഉയരുന്നത്.
2015-16 വര്‍ഷം മുന്‍ എംഎല്‍എ കെ.കെ. നാരായണന്റ ആസ്തിവികസന ഫണ്ടില്‍നിന്ന് 5.65 കോടി രൂപ ഉപയോഗിച്ചാണ് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാന സര്‍ക്കാറും ആറുകോടി രൂപ അനുവദിക്കുകയുണ്ടായി. ഒരേ സമയം 900 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയമാണ് പിണറായി കണ്വന്ഷന് സെന്ററില്‍ തയാറാകുന്നതെന്നു പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗീതമ്മ പറഞ്ഞു.
ഡൈനിംഗ് ഹാളും വാഹന പാര്‍ക്കിംഗ് സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്ക്കായുള്ള ഗ്രീന്‍ റൂം അടക്കമുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും. വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ എന്നിവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സെന്ററിലുണ്ടാകും.
നേരത്തെ പിഡബ്ല്യുഡിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിലവില്‍ എല്എസ്ജിഡിക്കാണ് ഈ ചുമതല നല്‍കിയിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം സെന്ററില്‍ നടത്തുന്ന ആദ്യ പരിപാടിയും ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു.
പിണറായി പെരുമയോടനുബന്ധിച്ച് ഏപ്രില്‍ ഏഴുമുതല്‍ 13 വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സെമിനാറാണ് സെന്ററിലെ ആദ്യ പരിപാടി. സെന്ററിനു മുന്നിലായി ഒരു ബസ് ഷെല്‍റ്റര്‍, ബസ് ബേ, റൂറല്‍ മാര്‍ക്കറ്റ് എന്നിവ നിര്‍മിക്കാനുള്ള പദ്ധതിയും പഞ്ചായത്തിനുണ്ട്. ഇതിനുള്ള രൂപരേഖയും പഞ്ചായത്ത് തയാറാക്കിക്കഴിഞ്ഞു. 1.5 കോടി രൂപയാണ് ഇവ നിര്‍മിക്കുന്നതിനായി പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.