തമിഴില്‍ ചോദ്യം ചോദിച്ച് ഡി.എം.കെ എം.പി, ഹിന്ദിയിലേ മറുപടി പറയൂ എന്ന് പീയുഷ് ഗോയല്‍

0 1,214

ഭാഷാപ്രശ്‌നവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ വാക്കുതര്‍ക്കം. തമിഴ്നാട്ടില്‍ നിന്നുള്ള ഡി.എം.കെ അംഗം തമിഴില്‍ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. ചോദ്യവേളയില്‍ പങ്കെടുക്കവേ ഡി.എം.കെ അംഗം എ. ഗണേശമൂര്‍ത്തി എഫ്.ഡി.ഐ ഇന്‍ഫ്ളോയെ കുറിച്ചുള്ള അനുബന്ധചോദ്യം തമിഴില്‍ ചോദിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അതിന് മറുപടി പറഞ്ഞതിന് ശേഷം തമിഴില്‍ പറഞ്ഞ ആദ്യഭാഗം താന്‍ കേട്ടില്ലെന്നും ഏത് പ്രോജക്ടിനെ കുറിച്ചാണ് അറിയേണ്ടതെന്നും തിരികെ ചോദിച്ചു.

ഒരു അംഗം ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ചാല്‍ മന്ത്രി ഇംഗ്ലീഷില്‍ ഉത്തരം പറയും. എന്നാല്‍ തമിഴില്‍ ചോദിച്ചാല്‍ ഹിന്ദിയിലും ഉത്തരം പറയും എന്ന് ഗണേശമൂര്‍ത്തി പറഞ്ഞു. ഇതിനു മറുപടിയായാണ് വിവര്‍ത്തനം ലഭ്യമായതിനാല്‍ താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി നല്‍കുകയുള്ളൂവെന്ന് പീയുഷ് ഗോയല്‍ പറഞ്ഞത്.

ചോദ്യം വീണ്ടും ആവര്‍ത്തിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല ഗണേശമൂര്‍ത്തിയോട് ആവശ്യപ്പെട്ടു. ഗണേശ മൂര്‍ത്തി വീണ്ടും തമിഴില്‍ തന്നെ ചോദ്യം ചോദിച്ചു. പ്രകോപിതനായ ഗോയല്‍ ഏതെങ്കിലും ഒരു ഭാഷയില്‍ ചോദിച്ച ചോദ്യത്തിന് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്ന് റൂളിംഗുണ്ടോ എന്ന് സ്പീക്കറോട് അന്വേഷിച്ചു. എന്നിട്ട് താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി പറയൂ എന്ന് കൂട്ടിച്ചേര്‍ത്തു.

സഭയില്‍ ബഹളം ആരംഭിച്ചതോടെ സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ഹെഡ്ഫോണ്‍ ധരിച്ച് വിവര്‍ത്തനം കേള്‍ക്കാന്‍ ആവശ്യപ്പെട്ടു. സാധാരണ ഹിന്ദിയില്‍ സംസാരിക്കാറുള്ള ബിര്‍ല ഇംഗ്ലിലീഷിലാണ് ഇക്കാര്യം അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കുമ്പോഴും ഹിന്ദിയിലാണ് മന്ത്രിമാര്‍ ഉത്തരം പറയാറുള്ളതെന്ന കാര്യം ഉന്നയിച്ചു.

ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള അംഗങ്ങള്‍ അടുത്തിടെ ഈ കീഴ് വഴക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. അടുത്ത ചേദ്യത്തിനുള്ള സമയമായപ്പോഴും തമിഴില്‍ തന്നെ താന്‍ ചോദ്യം ചോദിക്കുമെന്ന് ഗണേശമൂര്‍ത്തി ആവര്‍ത്തിച്ചു. ഗോയല്‍ ഹിന്ദിയില്‍ മറുപടി പറയുകയും ചെയ്തു.