യുവജനങ്ങള്‍ പ്ലാസ്മ ചികിത്സയ്ക്കായി രക്തദാനത്തിന് മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക

0 773

കോവിഡ് രോഗവിമുക്തരായവര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ പ്ലാസ്മ ചികിത്സയ്ക്കായി രക്തദാനത്തിന് മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. രോഗമുക്തി നേടി ഒരുമാസം പൂര്‍ത്തിയായത് മുതല്‍ നാല് മാസം വരെയാണ് പ്ലാസ്മ ചികിത്സക്കുവേണ്ടി രക്തദാനം നടത്തേണ്ടത്. കോവിഡ് ബാധിതരായി ഗുരുതരാവസ്ഥയിലാവുന്ന രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നല്‍കുന്നത്.

പ്ലാസ്മ ചികിത്സക്കു വേണ്ടിയുള്ള രക്തദാനവുമായി ബന്ധപ്പെട്ട് വാളാട് പ്രദേശത്തുകാരുടെ മാതൃകയെ ഡി.എം.ഒ അഭിനന്ദിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് കോവിഡുമായി ബന്ധപ്പെട്ട് ലാര്‍ജ് ക്ലസ്റ്റര്‍ രൂപപ്പെടുകയും നിരവധി പേര്‍ രോഗബാധിതരാവുകയും ചെയ്തിരുന്നു. രോഗമുക്തി നേടിയ വാളാട് പ്രദേശത്തുള്ളവര്‍ പ്ലാസ്മ ചികിത്സയ്ക്ക് വേണ്ടി സ്വയം സന്നദ്ധരായി രക്തം ദാനം ചെയ്യുകയും കൂടുതല്‍ ആളുകളെ രക്തദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട മറ്റു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും പ്രദേശത്തെ രോഗമുക്തര്‍ പ്രവര്‍ത്തിച്ചു വരുന്നത് ശ്രദ്ധേയമാണെന്ന് ഡി.എം.ഒ. പറഞ്ഞു.
ഇത് മാതൃകയാക്കാന്‍ എല്ലാവരും മുന്നോട്ടുവരണം.
ജില്ലയില്‍ കോവിഡ് വ്യാപനം കൂടി വരുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമയാ പാലിക്കണം. കൈ വൃത്തിയാക്കല്‍, ശരിയായ രീതിയിലുള്ള മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ ഏറ്റവും പ്രധാനമാണെന്നും ഡി.എം.ഒ പറഞ്ഞു.