പനമരം ബീനാച്ചി റോഡിലെ പൊടിശല്യം ; പാതയോരത്തെ വീടുകളിലുള്ളവർ ദുരിതത്തിൽ

0 287

പനമരം :മഴ മാറി വെയിലായതോടെ പനമരം – ബീനാച്ചി റോഡിൽ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിശല്യം മൂലം പാതയോരത്തെ വീടുകളിലുള്ളവർ ദുരിതത്തിലാണ്. ഇരുചക്രവാഹന യാത്രക്കാർക്കും റോഡിലെ പൊടി വില്ലനാകുന്നു. റോഡ് പണി പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞെങ്കിലും പണി 20 ശതമാനം പോലും ആകാത്തതിനാൽ സമയം നീട്ടി നൽകിയിരിക്കുയാണ്. ഇപ്പോഴും പണിക്ക് കുറഞ്ഞ തൊഴിലാളികൾ മാത്രമാണുള്ളത്. കാരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

എസ്റ്റിമേറ്റ് പ്രകാരമല്ല പണികൾ നടക്കുന്നതെന്ന് ആരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തുകയും എംഎൽഎ ഇടപെട്ട് നിലവിൽ ചെയ്ത പണിയുടെ അപാകതകൾ പരിഹരിക്കുമെന്നും നിർമാണ പ്രവൃത്തികളിൽ ഉണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ നടപടി ഇല്ലെന്നും നാട്ടുകാർ പറയുന്നു.

പണികളുടെ പോരായ്മകളെക്കുറിച്ച് പൊതുമരാമത്ത് അധികൃതരെ അറിയിച്ചാൽ ഉടൻ സ്റ്റോപ്പ് മെമ്മോ കൊടുക്കുമെന്നും കരാറുകാരൻ പണി നിർത്തി പോകുമെന്ന മറുപടിയാണു ലഭിക്കുന്നത്. എന്നാൽ, ഈ പണി തുടരാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.