പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടു നടന്നു; രണ്ടാം വട്ടം മോഷണത്തിനിടെ കയ്യോടെ പിടിയില്‍

0 237

 

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന സപ്ലൈ ഓഫീസര്‍, ആഴ്ചകള്‍ക്കു ശേഷം അതേ ആള്‍ വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടികൂടി. ആദൂരിലെ പോക്കറ്റടിക്കാരന്‍ മുഹമ്മദ് (62) നെയാണ് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ ചുള്ളിക്കര കോച്ചേരില്‍ സജി പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

സജിയുടെ പോക്കറ്റിലെ പഴ്സില്‍ നിന്ന് 500 രൂപ മോഷ്ടിക്കവെ ഒടയംചാലില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. ആഴ്ചകള്‍ക്ക് മുമ്ബ് ഇയാള്‍ തന്നെ ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഇതേ രീതിയില്‍ പണം മോഷ്ടിച്ചിരുന്നു. അന്ന് പണം നഷ്ടപ്പെട്ടത് അറിയുമ്ബോഴേക്കും പോക്കറ്റടിച്ചയാള്‍ ഒടയംചാലില്‍ ഇറങ്ങിയിരുന്നു. തൊട്ടടുത്തു കണ്ട മുഖപരിചയമാണ് വീണ്ടും മോഷണത്തിനിടെ കള്ളനെ കയ്യോടെ പിടികൂടാന്‍ സഹായിച്ചത്.

ചുള്ളിക്കരയില്‍ നിന്നാണ് സജി കാഞ്ഞങ്ങാട്ടേയ്ക്ക് ബസ് കയറിയത്. കയറിയ ഉടനെ മൂന്നു പേര്‍ അടുത്തേക്കു ചേര്‍ന്നു നിന്നു. അതില്‍ ഒരാള്‍ പോക്കറ്റടിക്കാരന്‍ മുഹമ്മദായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും പോക്കറ്റടിക്കാന്‍ മുതിരുന്നതു വരെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. പഴ്സില്‍ നിന്നും പണം കയ്യില്‍ എടുത്തതോടെ പിടികൂടി അമ്ബലത്തറ പൊലീസിന് കൈമാറുകയായിരുന്നു.