മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ തീവ്രവാദിയി ചിത്രീകരിക്കാൻ പൊലീസ് ശ്രമം
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ തീവ്രവാദിയി ചിത്രീകരിക്കാൻ പൊലീസ് ശ്രമം. സിദ്ദിഖിനെ കോടതിയിലെത്തിച്ചത് ഭീകരനെ പോലെയാണെന്നും കാണാൻ അനുവദിച്ചില്ലെന്നും അഭിഭാഷക പ്രതിഭ സിംഗ് ആരോപിച്ചു. ഹാഥ്റസിലേക്ക് പോകും വഴി അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് ഇന്നലെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. മതവിദ്വേഷം വളർത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകളും പുതുതയായി ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് ഉൾപ്പടെയുള്ളവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതിനിടെ ഹാഥ്റസിലെ ക്രമസമാധാന പാലനത്തിനായി രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് യുപി സർക്കാർ. ഏഴു ദിവസത്തേക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. എഡിജിപി, ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനിടെ ജില്ലാ ഭരണ കൂടം തങ്ങളെ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും തങ്ങളെ വീട്ടിൽ നിന്നോ ഗ്രാമത്തിൽ നിന്നോ പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. അഖില ഭാരതീയ വാല്മീകി മഹാ പഞ്ചായത്താണ് കുടുംബത്തിനായി കോടതിയെ സമീപിച്ചത്.