മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

0 403

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്. തട്ടിക്കൊണ്ട് പോയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫക്ക് വേണ്ടിയാണ് സംഘം സ്വർണം കടത്തിയത്.

ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി. എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായം ലഭിച്ചെന്നും പൊലീസ് അറിയിച്ചു.