കൊച്ചിയിൽ ലഹരി പരിശോധന ഊർജിതമാക്കാനൊരുങ്ങി പൊലീസ്; ലഹരി ഇടപാടുകൾ പ്രത്യേകം കേസുകളായി അന്വേഷിക്കും

0 408

കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത മാഞ്ഞാലി സ്വദേശി ടിപ്സൺ ഫ്രാൻസിസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുകൾ പ്രത്യേക കേസുകളായി അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കാറപകടത്തിൽ മരിച്ച മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായകമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഇരുപതോളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെലവന്നൂരിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ വൻ ചൂതാട്ട കേന്ദ്രമാണ് കണ്ടെത്തിയത്. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിയ എറണാകുളം മാഞ്ഞാലി സ്വദേശി ടിപ്സൺ ഫ്രാൻസിസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി വൈകിയാണ് പൊലീസ് രേഖപ്പെടുത്തിയത്. നിരവധി ഫ്ലാറ്റുകളിൽ ലഹരി ഇടപാടുകളും ചൂതാട്ടവും പതിവാണെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ എക്സൈസിനെ കൂടി സഹകരിപ്പിച്ച് പരിശോധന നടത്തുവാനാണ് പൊലീസ് തീരുമാനം. സൈജു തങ്കച്ചനൊപ്പം ലഹരി പാ‍ർട്ടിയിൽ പങ്കെടുത്ത മിക്കവരും കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയിരിക്കുകയാണ്. ഇവരെ കണ്ടെത്തുവാനുള്ള അന്വേഷണവും ഊർജിതമാണ്.