തലയോട്ടി കണ്ടെത്തിയ മുതലമടയില്‍ പൊലീസ് തെരച്ചിൽ; തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക്

0 1,749

തലയോട്ടി കണ്ടെത്തിയ മുതലമട പന്തപ്പാറയിൽ പൊലീസ് തെരച്ചിൽ നടത്തുന്നു. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ പൊലീസ് നായകളെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഡിഎൻഎ പരിധോധനയ്ക്കായി തലയോട്ടി തൃശൂർ റീജിയണൻ ലാബിലേക്ക് അയയ്ക്കാൻ നടപടി തുടങ്ങി. ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. തലയോട്ടി ഇവരിലൊരാളുടേതാണോ എന്ന് സംശയമുണ്ട്.

വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസിയാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പൊലീസിനെ അറിയിച്ചത്. ചിറ്റൂർ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തിയിരുന്നു. വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിനാണ് യുവാക്കളെ കാണാതായത്. പൊലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. അധികം കാലപ്പഴക്കമില്ലാത്ത തലയോട്ടിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.