കൊച്ചി: പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വിവരാവകാശനിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്. വീഡിയോ ഉള്‍ക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നല്‍കാനും കമ്മീഷന് നിര്‍ദേശിച്ചു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ടിഐ കേരള ഫെഡറേഷന് പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2015ലെ നിര്‍ദേശപ്രകാരവും 1961 ലെ തെരഞ്ഞെടുപ്പുചട്ട പ്രകാരവും ഇതു നല്‍കാനാവില്ലെന്ന പിഐഒയുടെ നിലപാടു നിരാകരിച്ചാണു വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ആര്‍ടിഐ നിയമത്തിലെ എട്ട്, ഒന്‍പത് വകുപ്പുകള്‍ പ്രകാരം മാത്രമേ വിവരം നിഷേധിക്കാന്‍ പിഐഒയ്ക്ക് അധികാരമുള്ളൂ എന്നു കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 45 ദിവസംവരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കകം ചോദിച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ നല്‍കാനാവൂ എന്ന നിലപാടും കമ്മീഷന് തള്ളിക്കളഞ്ഞതായും അഡ്വ. ഡി.ബി. ബിനു പറഞ്ഞു.